ബിജെപി സ്ഥാനാര്‍ഥിക്കെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്

Update: 2019-03-31 07:32 GMT

ബംഗളൂരു: ബിജെപിയുടെ സൗത്ത് ബെംഗളൂരു സ്ഥാനാര്‍ഥി തേജസ്വി സൂര്യയ്‌ക്കെതിരേ മീടു വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ച 49 മാധ്യമങ്ങള്‍ക്കെതിരേ കോടതി. ഇനിമുതല്‍ തേജസ്വീ സൂര്യയ്‌ക്കെതിരായ വ്യക്തിഹത്യ നടത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നാണ് ബംഗളൂരു സിവില്‍ കോടതി ഇഞ്ചങ്ഷന്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്. ഇംഗ്ലീഷ്, കന്നഡ ഭാഷകളിലെ 49 മാധ്യമങ്ങള്‍ക്കും ഫേസ്ബുക്ക്, ഗൂഗിള്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ക്കുമെതിരെയാണ് കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 29ന് പുറത്തിറക്കിയ ഓര്‍ഡറില്‍ സൂര്യക്കെതിരേ പ്രഥമ ദൃഷ്ട്യാ വ്യക്തിഹത്യാപരമെന്ന് തിരിച്ചറിഞ്ഞ പല സന്ദേശങ്ങളും മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത് എന്ന് കോടതി ചൂണ്ടികാണിച്ചു.

ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും കന്നഡയിലെ പ്രജാവാണി, കന്നഡ പ്രഭ, വിജയ കര്‍ണാടക എന്നീ പത്രങ്ങളും ഉള്‍പ്പെടെ ടിവിനൗ അടക്കമുള്ള ചാനലുകള്‍ക്കെതിരേയും സൂര്യ പരാതി നല്‍കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് തേജസ്വി സൂര്യയുടെ വക്കീല്‍ നോട്ടിസ് അയച്ചു.

Similar News