ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും; സമാപന ചടങ്ങ് മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും

Update: 2021-12-29 03:43 GMT

കോഴിക്കോട്: ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവെലായ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് ഇന്ന് സമാപനം.വൈകീട്ട് ആറിന് ബേപ്പൂര്‍ മറീനയില്‍ നടക്കുന്ന സമാപന ചടങ്ങ് ഓണ്‍ലൈനിലൂടെ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.

26ന് ആരംഭിച്ച ഫെസ്റ്റില്‍ നിരവധി പേരാണ് എത്തുന്നത്.പട്ടം പറത്തല്‍, കയാക്കിങ്, ഫുഡ് ഫെസ്റ്റ്, ഫഌിങ് ബോര്‍ഡ് പ്രദര്‍ശനം, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ കാഴ്ചകള്‍ അങ്ങിനെ നിരവധി കാഴ്ചകളാണ് നാട്ടുകാര്‍ക്കായി ഒരുക്കിയിരുന്നത്.12 സംസ്ഥാനങ്ങളില്‍ നിന്നുള്ള പട്ടം പറത്തല്‍ ടീം ഫെസ്റ്റില്‍ പങ്കെടുത്തു.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക, സാഹസിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്.

Tags:    

Similar News