ട്രംപിനെ തിരുത്തി ബൈഡന്‍ തുടങ്ങി
അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്ന ബില്‍ ആണ് ട്രംപിനെ തിരുത്തുന്ന തീരുമാനങ്ങളില്‍ പ്രധാനം.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍ ആദ്യമായി ഒപ്പുവച്ചത് ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന 15 എക്‌സിക്യുട്ടീവ് ഉത്തരവുകളില്‍. പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലാണ് ബൈഡന്‍ ഒപ്പിട്ടത്. രണ്ടുമേഖലകളില്‍ നടപടിയെടുക്കാന്‍ ഏജന്‍സികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡന്‍ ആദ്യദിനത്തില്‍ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്ന ബില്‍ ആണ് ട്രംപിനെ തിരുത്തുന്ന തീരുമാനങ്ങളില്‍ പ്രധാനം. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീന്‍ കാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ക്ക് ബില്‍ സഹായകമാകും.
ലോകാരോഗ്യസംഘടനയില്‍ വീണ്ടും ചേരും, വിദ്യാര്‍ഥിവായ്പകളുടെ ഭാരം ലഘൂകരിക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മുഖാവരണം നിര്‍ബദ്ധമാക്കും, മാര്‍ച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും, മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ക്കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കും, ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള സഞ്ചാരവിലക്കുകള്‍ അവസാനിപ്പിക്കും തുടങ്ങി ട്രംപ് ഭരണകൂടം സ്വീകരിച്ച വിദ്വേഷ നിയമങ്ങള്‍ തിരുത്തുന്ന തീരുമാനങ്ങളെടുത്താണ് ജോബൈഡന്‍ ഭരണം തുടങ്ങിയത്.