കൊല്ലപ്പെട്ടത് അല്‍ഖാഇദയിലെ ബിന്‍ ലാദന്റെ പിന്‍ഗാമി

Update: 2022-08-02 02:54 GMT

പാരിസ്: അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കാബൂളില്‍ അല്‍ഖാഇദ ആസ്ഥാനത്തിനു നേരെനടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്. ഏതാനും ദശകങ്ങളായി അല്‍ഖാഇദയെ രാഷ്ട്രീയമായും സൈദ്ധാന്തികമായും നയിക്കുന്നവരില്‍ പ്രധാനിയായിരുന്നു. 

ജൂലൈ 31ന് രാവിലെ സവാഹിരി തന്റെ കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. 

കെട്ടിടത്തിന്റെ ഒരു നിലയിലെ ജനലുകള്‍ പൊട്ടിത്തകര്‍ന്നിട്ടുണ്ട്. എന്നാല്‍ മറ്റ് നിലകളിലെ ജനലുകള്‍ക്കോ കെട്ടിടത്തിനോ കുഴപ്പമില്ല. ആക്രമണം നടക്കുമ്പോള്‍ സവാഹിരിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെ ഉപദ്രവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


കെയ്‌റോയിലാണ് സവാഹിരി ജനിച്ചതും വളര്‍ന്നതും. ചെറിയപ്രായത്തില്‍ത്തന്നെ രാഷ്ട്രീയരംഗത്തിറങ്ങി. 15ാംവയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

1981ലെ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തോടനുബന്ധിച്ചും 1997ല്‍ ലുക്‌സുറില്‍ വിദേശ സന്ദര്‍ശകരെ വധിച്ചതായി ബന്ധപ്പെട്ടും മൂന്ന് വര്‍ഷം ജയില്‍വാസമനുഭവിച്ചു. താമസിയാതെ ബിന്‍ലാദനോടപ്പമായി. ബിന്‍ലാദന്റെ അടുത്ത അനുയായിയും തന്ത്രജ്ഞനുമായിരുന്നു.


അമേരിക്കക്കെതിരേ ആക്രമണം പ്രഖ്യാപിച്ച പ്രസ്താവനയില്‍ ഒപ്പുവച്ച അഞ്ച് പേരില്‍ ഒരാളാണ്.

സുവാഹിരിയുടെ തലക്ക് അമേരിക്ക 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. 2011ല്‍ ലാദന്‍ കൊലചെയ്യപ്പെട്ടശേഷം സവാഹിരി അല്‍ ഖഇദയുടെ നേതൃസ്ഥാനത്തെത്തി.

ബിന്‍ലാദന്റെ ഡോക്ടറായിരുന്നു.  സവാഹിരി കൊല്ലപ്പെട്ടതായി നിരവധി തവണ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

Tags:    

Similar News