ന്യൂഡല്‍ഹി: ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ ബി.ജെ.പി.യും തമ്മില്‍ വന്‍ തര്‍ക്കം. പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുപാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നത്. തര്‍ക്കത്തിനിടയിലും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 1 മണിക്കുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400-500 നുമിടയിലാണ്. മലിനീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന തോതുകളിലൊന്നാണ് ഇത്.
ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മലിനീകരണ തോതുമാണ് ഇത്. ഡല്‍ഹിയിലെ ചില പ്രദേശങ്ങള്‍ സൂചിക 500ന് അടുത്താണ്.
വായുവിന്റെ ഗുണനിലവാരം കുറഞ്ഞത് രണ്ട് ദിവസത്തേക്ക് 'വളരെ മോശം' വിഭാഗത്തില്‍ തുടരുമെന്നാണ് പ്രവചനം.
അതേസമയം, മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള തങ്ങളുടെ 'റെഡ് ലൈറ്റ് ഓണ്‍, ഗാഡി ഓഫ്' കാംപയിന് അംഗീകാരം നല്‍കിയെന്ന് അരോപിച്ച് എഎപി പ്രവര്‍ത്തകര്‍ ഇന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിര്‍ദ്ദേശപ്രകാരം 'രാഷ്ട്രീയ പകപോക്കല്‍'ആണ് ലഫ്റ്റനന്റ് ഗവര്‍ണറുടേതെന്നാണ് എഎപി ആരോപണം.
ദേശീയ തലസ്ഥാന മേഖലയിലെ വായുവിന്റെ ഗുണനിലവാരവും മോശമായിവരികാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയില്‍ മൊത്തം എക്യൂഐ 400, ഫരീദാബാദ് 396, ഗ്രേറ്റര്‍ നോയിഡ 395, നോയിഡ 390, ഗാസിയാബാദ് 380 എന്നിങ്ങനെയായിരുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ 'നല്ലത്', 51 ഉം 100 ഉം ഇടയില്‍ 'തൃപ്തികരം', 101ഉം 200ഉം ഇടയില്‍ 'മിതമായത്', 201ഉം 300ഉം ഇടയില്‍ 'മോശം', 301ഉം 400ഉം ഇടയില്‍ 'വളരെ മോശം', 401ഉം 500ഉം ഇടയില്‍ 'കഠിനം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
ദീപാവലിക്ക് സമീപമുള്ള മലിനീകരണം 7 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലയിലായിരുന്നു.