ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടു കൊടുക്കും.
തിരുവനന്തപുരം: 2021 കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് അരുണ്‍ സിംഗാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടു കൊടുക്കും.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിലായി രണ്ടിടത്ത് മല്‍സരിക്കും. ഇ ശ്രീധരന്‍ പാലക്കാടും കുമ്മനം രാജശേഖരന്‍ നേമത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കും.
സുരേഷ് ഗോപി തൃശ്ശൂരിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കും. മുന്‍ കോഴിക്കോട് സര്‍വകലാശാല വി സി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടന്‍ സ്ഥാനാര്‍ഥിയാവും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും. കോഴിക്കോട് നോര്‍ത്തില്‍ മുതിര്‍ന്ന നേതാവ് എം ടി രമേശും മത്സരിക്കും.