'ബിജെപി കൊവിഡ് മരണങ്ങള്‍ ആഘോഷിക്കുന്നു'; നൂറ് കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ആഘോഷത്തെ വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ്

Update: 2021-10-23 13:36 GMT

മുംബൈ: നൂറ് കോടി ഡോസ് കൊവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയത് ആഘോഷമാക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ്. ആഘോഷങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് മരണങ്ങളാണ് ആഘോഷിക്കുന്നതെന്നും കൊവിഡ് വ്യാപനം കുറയ്ക്കാന്‍ കഴിയാവുന്നതൊന്നും ചെയ്തില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി നാന പത്തോള്‍ കുറ്റപ്പെടുത്തി. ബിജെപി മരണങ്ങള്‍ ആഘോഷിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകപ്രശ്‌നം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈന അതിര്‍ത്തിപ്രശ്‌നം തുടങ്ങി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ചൈന ഇന്ത്യന്‍ അതിര്‍ത്തയിലേക്ക് കടന്നുകയറിയിട്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങളഇല്‍ അവര്‍ നിശ്ശബ്ദത പാലിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ റെയ്ഡുകള്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര കാബിനറ്റിലെ ഏതാനും മന്ത്രിമാര്‍ക്കെതിരേ ഇ ഡിയും ആദായനികുതി വകുപ്പും നോട്ടിസ് അയച്ചിരുന്നു.

ആഢംബരക്കപ്പലിലെ റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുക്കളെയും മുസ് ലിംകളെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വന്‍കിട വ്യവസായിയുടെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്ത് കോടികളുടെ മയക്കുമരുന്ന പിടിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Tags:    

Similar News