ബിജെപി സര്‍ക്കാരിന്റെ നടപടി ഗുരുനിന്ദ; ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമെന്നും പി അബ്ദുല്‍ ഹമീദ്

ചാതുര്‍വര്‍ണ്യത്തെയും മനുവാദത്തെയും ഉപാസിക്കുന്ന ബിജെപി തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഗുരുവിനോടുള്ള അവരുടെ നിലപാട്

Update: 2022-01-15 12:04 GMT

തിരുവനന്തപുരം:റിപബ്ലിക് ദിന പരേഡില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ബിജെപി സര്‍ക്കാരിന്റെ നടപടി കടുത്ത ഗുരുനിന്ദയാണ്. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരേ പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണഗുരു. ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമ മതിയെന്ന തീട്ടുരം ജാതീയതയാണ് പ്രകടമാക്കുന്നത്. ചാതുര്‍വര്‍ണ്യത്തെയും മനുവാദത്തെയും ഉപാസിക്കുന്ന ബിജെപി തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഗുരുവിനോടുള്ള അവരുടെ നിലപാട്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാമൂഹിക നീതി സങ്കല്‍പ്പത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹം കേരളത്തില്‍ പ്രബലമായതിനാല്‍ ഇവിടെ അവരുടെ പിന്തുണ നേടുന്നതിന് കപടനാടകമാടുന്ന ബിജെപിയുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ജാതി കോമരങ്ങളുടെ എക്കാലത്തെയും ശത്രുവാണ് ശ്രീനാരായണ ഗുരു. മാനവികതയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള സമൂഹസൃഷ്ടിക്കുവേണ്ടി പ്രയത്‌നിച്ച നവോത്ഥാന നായകനെ ആക്ഷേപിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News