അഴിമതി ആരോപണം;ഡല്‍ഹിയില്‍ ബിജെപി കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Update: 2022-04-18 06:02 GMT

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ നാല് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ബിജെപി പുറത്താക്കി.കൗണ്‍സിലര്‍മാരായ അമര്‍ലത സാങ്‌വാന്‍ (തിമര്‍പൂര്‍ വാര്‍ഡ്), സരോജ് സിംഗ് (ത്രിലോക്പുരി), അതുല്‍ കുമാര്‍ ഗുപ്ത (കോണ്ട്‌ലി), രാധാദേവി (മംഗോല്‍പുരി) എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ഡല്‍ഹിയിലെ വാര്‍ത്താ ചാനല്‍ നടത്തിയ രഹസ്യാന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയാണ് ആരോപണ വിധേയര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.വാര്‍ഡുകളിലെ വിവിധ പ്രവൃത്തികള്‍ക്കായി കൗണ്‍സിലര്‍മാര്‍ ജനങ്ങളോട് പണം ആവശ്യപ്പെട്ടുവെന്നായിരുന്നു രഹസ്യാന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് നേതാക്കള്‍ക്കെതിരെയുളള അഴിമതി ആരോപണം ശരിവെച്ചുളള പാര്‍ട്ടിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

'ബിജെപി നിങ്ങളുടെ പ്രാഥമിക അംഗത്വം ഉടനടി റദ്ദാക്കുകയും നിങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നു,' ഡല്‍ഹി ബിജെപി അധ്യക്ഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സരോജ് സിംഗിന്റെ ഭര്‍ത്താവ് ഷേര്‍ സിംഗ്, രാധാ ദേവിയുടെ ഭര്‍ത്താവ് രജു റാണ എന്നിവരെയും ആരോപണ വിധേയരായതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.

അഴിമതിയോട് സീറോ ടോളറന്‍സ് നയത്തിലാണ് ബിജെപി നിലകൊള്ളുന്നതെന്നും ഉത്തരവില്‍ പറയുന്നു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മൂന്ന് അംഗങ്ങളെ ബിജെപി കഴിഞ്ഞ വര്‍ഷവും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News