ഹാവാല പണമിടപാട്; കേന്ദ്ര ഏജന്‍സികളുടെ വരവ് വെറുതേയാവില്ല; യജമാനന്മാരോട് കൂറു തെളിയിക്കാന്‍ പറ്റിയ സന്ദര്‍ഭമാണെന്നും ഡോ. ഐസക്
ജനങ്ങളെയും കോര്‍പറേറ്റുകളെയും ഊറ്റിപ്പിഴിഞ്ഞ് കേന്ദ്രനേതൃത്വം സമാഹരിക്കുന്ന കോടാനുകോടികളില്‍ ഒരു പങ്ക് തങ്ങളുടെ പോക്കറ്റിലും കിടക്കട്ടെ എന്നു ചിന്തിച്ചവരെ കുറ്റപ്പെടുത്താനാവില്ല.
തിരുവനന്തപുരം: ബിജെപി ഹവാല ഇടപാടില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവ് വെറുതേയാവില്ലെന്നും യജമാനന്മാരോട് കൂറു തെളിയിക്കാന്‍ പറ്റിയ സന്ദര്‍ഭമാണെന്നും മുന്‍ ധനമന്ത്രി ഡോ. ടിഎന്‍ തോമസ് ഐസക്. കിട്ടിയതെല്ലാം ബിജെപി നേതാക്കളുടെ പോക്കറ്റിലേയ്ക്ക് എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നെന്നും വരും ദിനങ്ങളില്‍ അതിനുള്ള തെളിവുകളും പുറത്തു വരുമെന്നാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം ഫേസ് ബുകില്‍ കുറിച്ചു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കുഴല്‍പ്പണക്കേസില്‍ പ്രതിസ്ഥാനത്തേയ്ക്ക് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ ബിജെപി സ്ഥാനാര്‍ത്ഥിക്കും എത്രവീതമാണ് കുഴല്‍പ്പണം ലഭിച്ചത് എന്നു മാത്രമേ കൃത്യമായി അറിയാന്‍ ബാക്കിയുള്ളൂ. മണ്ഡലങ്ങളെ തരംതിരിച്ചാണ് 10 കോടി മുതല്‍ 1 കോടി രൂപ വരെ പണം ചെലവാക്കിയത്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത് സുരേന്ദ്രന്റെ നേര്‍ക്കാണ്. ബിജെപിക്കാരല്ലാത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് പണം വിതരണം ചെയ്ത ഫോര്‍മുലയും പുറത്തു വന്നിട്ടുണ്ട്. ബിജെപി അണികള്‍ക്ക് ഇനി ചെയ്യാവുന്ന ഒരു കാര്യം ലഭിച്ച പണത്തില്‍ നിന്നും എത്ര മണ്ഡലത്തില്‍ ചെലവാക്കി? എത്ര ചിലരുടെ പോക്കറ്റിലേയ്ക്കു പോയി? എന്നൊക്കെ സംബന്ധിച്ച് ഒരു രഹസ്യ സോഷ്യല്‍ ഓഡിറ്റ് നടത്തുകയാണ്.
ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ കാര്യമാണ് കഷ്ടം. ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പു പദ്ധതികളില്‍ വീണു പോകുന്നവരേക്കാള്‍ ദുര്‍ബലരാണ് അമിത്ഷായും നരേന്ദ്രമോദിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന കണക്കുണ്ടാക്കി അവരുടെ കൈയില്‍ നിന്ന് നാനൂറു കോടിയോ മറ്റോ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. ഈ കണക്കും വിശ്വസിച്ച് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞവരെക്കുറിച്ച് എന്താണ് പറയേണ്ടത്? രാജ്യം ഭരിക്കുന്നവര്‍ അവിശ്വസനീയമാംവിധം ബുദ്ധിശൂന്യരാണെന്നു മാത്രം മനസിലാക്കുക.
തിരഞ്ഞെടുപ്പു ചെലവിന്റെ ബാലന്‍സ് ഷീറ്റും നോക്കി തലയില്‍ കൈയും വെച്ചിരിക്കുകയാണത്രേ ബിജെപിയുടെ കേന്ദ്രനേതാക്കള്‍. കൈയിലിരുന്ന പണം പോയി. ആകെയുണ്ടായിരുന്ന സീറ്റു നഷ്ടപ്പെട്ടു. ആകെ വിഹിതത്തില്‍ കുറഞ്ഞത് നാലഞ്ചു ലക്ഷം വോട്ടുകള്‍. ഹൈവേയിലെ കൊള്ളയടിയുടെയും അണികളുടെ ചേരിതിരഞ്ഞ കത്തിക്കുത്തിന്റെയും ചീത്തപ്പേര് ബോണസ്. പത്തു നാനൂറു കോടി ചെലവിട്ട് കൈക്കലാക്കിയ നേട്ടങ്ങളുടെ പട്ടിക കണ്ടാല്‍ ആര്‍ക്കാണ് ബോധക്ഷയമുണ്ടാകാത്തത്? ബോധമുണ്ടായിട്ടുവേണ്ടേ പോകാന്‍ എന്നാവും മറുചോദ്യം. ശരിയാണ്. '35 സീറ്റു കിട്ടും, കേരളം ആരു ഭരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും' എന്നൊക്കെ തട്ടിവിട്ടവരെ വിശ്വസിച്ച് ഇത്രയും പണം കൊടുത്തവര്‍ക്ക്, മറ്റെന്തുണ്ടെങ്കിലും ബോധമുണ്ടാകാന്‍ ഒരു വഴിയുമില്ല.
ഒരു കാര്യം നാം സമ്മതിക്കണം. ഇത്രയും പണം കൈയില്‍ വന്നിട്ടും വളരെ പിശുക്കിയായിരുന്നത്രേ ചെലവ്. ധാരാളിത്തമോ ധൂര്‍ത്തോ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പു പ്രചരണത്തിനുപയോഗിച്ച ലൈറ്റിന്റെയും മൈക്കിന്റെയും പണം പോലും കൊടുക്കാതെയാണ് ധൂര്‍ത്ത് പിടിച്ചു നിര്‍ത്തിയത്. കിട്ടിയതെല്ലാം പോക്കറ്റിലേയ്ക്ക് എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. വരുംംദിനങ്ങളില്‍ അതിനുള്ള തെളിവുകളും പുറത്തു വരുമെന്ന കേള്‍ക്കുന്നു. ജനങ്ങളെയും കോര്‍പറേറ്റുകളെയും ഊറ്റിപ്പിഴിഞ്ഞ് കേന്ദ്രനേതൃത്വം സമാഹരിക്കുന്ന കോടാനുകോടികളില്‍ ഒരു പങ്ക് തങ്ങളുടെ പോക്കറ്റിലും കിടക്കട്ടെ എന്നു ചിന്തിച്ചവരെ കുറ്റപ്പെടുത്താനാവില്ല.
ഏതായാലും കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവ് വെറുതേയാവില്ല. യജമാനന്മാരോട് കൂറു തെളിയിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ്. തീക്കട്ടയില്‍ തീവെട്ടിക്കൊള്ള നടത്തിയ തിരുമാലികളെ കൈയോടെ പിടികൂടുക. കവര്‍ന്ന പണവും പിടിച്ചെടുക്കുക. പോയ മാനം നിങ്ങള്‍ക്കെങ്കിലും തിരിച്ചു പിടിക്കാം.