കള്ളപ്പണമൊഴുക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക; സെക്രട്ടേറിയറ്റിന് മുന്‍പില്‍ തെരുവ് വിളംബരം സംഘടിപ്പിച്ച് എസ്ഡിപിഐ

കോടികളുടെ കള്ളപ്പണം സംസ്ഥാനത്തേക്കൊഴുക്കിയും കള്ളനോട്ട് അടിച്ചും സമാന്തര സാമ്പത്തിക വ്യവസ്ഥിതി സ്ഥാപിച്ച് ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കുകയാണ്

Update: 2021-08-09 08:46 GMT

തിരുവനന്തപുരം:'കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപി ഐ സെക്രട്ടേറിയറ്റിന് മുന്‍പില്‍ തെരുവ് വിളംബരം സംഘടിപ്പിച്ചു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ തെരുവ് വിളംബരം നടത്തുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിന് മുന്‍പിലും പരിപാടി സംഘടിപ്പിച്ചത്.

'മാന്യ മഹാജനങ്ങളേ, നിയമപാലകരേ കള്ളപ്പണക്കാരെ പിടിക്കാന്‍ ഇടതുസര്‍ക്കാരിന് നട്ടല്ലില്ലേ. നോട്ട് നിരോധിച്ച് ശേഷം കള്ള നോട്ട് അടിച്ച് രാജ്യസേവനം നടത്തുന്നവരെ തിരിച്ചറിയുക, നാലുതവണ കള്ളനോട്ടടിച്ച കേസില്‍ പിടിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകനെ നോട്ടടിക്കാന്‍ ഇടതു സര്‍ക്കാര്‍ സഹിയാക്കുന്നു. ഇനി എന്തിന് നാം നിശ്ശബ്ദരാവണം. ബിജെപിയുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക'- വിളംബരത്തില്‍ പറഞ്ഞു.

എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം തെരുവ് വിളംബരം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ല സെക്രട്ടറി ഷബീര്‍ ആസാദ് മുഖ്യപ്രഭാഷണം നടത്തി.

കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്കൊഴുക്കിയും കള്ളനോട്ട്് അടിച്ചും സമാന്തര സാമ്പത്തിക വ്യവസ്ഥിതി സ്ഥാപിച്ച് ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കുകയാണ്. കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുകള്‍ നിരോധിച്ച് പൗരന്മാരെ ദുരിതക്കയത്തിലാക്കിയ മോദിയുടെ പാര്‍ട്ടി ഇപ്പോള്‍ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 400 കോടിയിലധികം രൂപയുടെ കള്ളപ്പണം സംസ്ഥാനത്തെത്തിച്ചതായും വിവിധ ജില്ലകളിലായി വിതരണം ചെയ്തതിന്റെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം താറുമാറാക്കുന്ന ബിജെപിയുടെ ദേശദ്രോഹപ്രവര്‍ത്തനം തുറന്നുകാട്ടുന്നതിനാണ് സംസ്ഥാന വ്യാപകമായി തെരുവ് വിളംബരം സംഘടിപ്പിച്ചിരിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഷബീര്‍ ആസാദ് പറഞ്ഞു.

പാര്‍ട്ടി ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സജീവ് പൂന്തുറ, ബാദുഷ പാളയം, താജ് പാളയം, സയ്യിദലി, കുന്നില്‍ സയ്യദ്, യൂസുഫ് കുഞ്ചാലുമ്മൂട്, മുനീര്‍ കാരയ്ക്കാമണ്ഡപം, സന്തോഷ് ബാലരാമപുരം,സലീം പൂജപ്പുര എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News