കോടികളുടെ കള്ളപ്പണം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ
കൊടകരയില്‍ പുറത്തായത് കള്ളപ്പണത്തിന്റെ ഒരംശം മാത്രമാണ്. ബിജെപിയുടേത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നു. കള്ളപ്പണ കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യണമെന്നും എസ്ഡിപിഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന് ബിജെപി സംസ്ഥാനത്തേക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കിയ കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും. കള്ളപ്പണ കേസില്‍ അന്വേഷണസംഘം നടത്തുന്ന മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാളെ രാവിലെ 11ന് സെക്രട്ടറിയേറ്റിനു മുമ്പിലും തൃശൂര്‍ അന്വേഷണസംഘത്തലവന്റെ ഓഫിസിനു മുമ്പിലും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
ബിജെപി നേതാക്കള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി അന്വേഷണം ബോധപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ കോടികളുടെ കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് അധികാരം പിടിച്ചെടുത്ത രീതിയില്‍ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു നീക്കം. കോടികളുടെ കള്ളപ്പണത്തിന്റെ ബലത്തിലാണ് 35 സീറ്റു കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് സുരേന്ദ്രന്‍ വീമ്പിളക്കിയത്. കള്ളപ്പണത്തില്‍ നിന്ന് ഒരംശം തൃശൂര്‍ കൊടകരയില്‍ പിടിച്ചെടുത്തതോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍ വ്യാജ പ്രതികളെ സൃഷ്ടിച്ചും തുക കുറച്ചുകാണിച്ചും കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്.
ബിജെപി ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഉന്നതബന്ധം വ്യക്തമായതോടെ അന്വേഷണം മരവിച്ചിരിക്കുകയാണ്. ഫണ്ട് വീതംവെപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ പരസ്പരം വെട്ടിവീഴ്ത്തിയിട്ടും അന്വേഷണസംഘം നിസ്സംഗത പാലിക്കുകയാണ്. ബിജെപി വിരുദ്ധരെ വിരട്ടി നിര്‍ത്താന്‍ ഓടി നടക്കുന്ന ഇഡി ബിജെപി നേതാക്കള്‍ പ്രതിയായ കോടികളുടെ ഹവാല ഇടപാടില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധരാണ് തങ്ങളെന്ന് ആണയിടുന്ന ഇടതുസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യണം. ബിജെപി നേതാക്കള്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന-ദേശീയ നേതാക്കളെ അറസ്റ്റുചെയ്യുന്നതുവരെ ശക്തമായ നിയമ-സമര പോരാട്ടങ്ങളുമായി എസ്ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.