വൈദ്യുതി നിലയങ്ങളിലെ സൈബര്‍ ആക്രമണം: അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ പ്രധാനമന്ത്രിക്കെഴുതുമെന്ന് ബിജെപി നേതാവ്
മുംബൈ: ഇന്ത്യന്‍ വൈദ്യുതിനിലയങ്ങളിലെ സൈബര്‍ ആക്രമണം നടന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് സുധീര്‍ മുന്‍ഗന്‍ടിവാര്‍. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട വൈദ്യുതിത്തകരാറിനു പിന്നില്‍ സൈബര്‍ ആക്രമണമായിരുന്നെന്ന റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ഗന്‍ടിവാര്‍.
''സൈബര്‍ ആക്രമണം സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിക്കെഴുതും''- മുന്‍ഗന്‍ടിവാര്‍ വിധാന്‍ സഭയില്‍ പറഞ്ഞു. പ്രശ്‌നം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12ാം തിയ്യതി മുംബൈയില്‍ വൈദ്യുതിത്തകരാറുകള്‍ ഉണ്ടായതിനുപിന്നില്‍ സൈബര്‍ ആക്രമണമായിരുന്നെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നിയമസഭയില്‍ പറഞ്ഞിരുന്നു.
യുഎസ് ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിന്റെ റിപോര്‍ട്ട് അനുസരിച്ച് ചൈന നടത്തിയ മാല്‍വെയര്‍ ആക്രമണമമാണ് അന്ന് നടന്നത്. ജൂണ്‍ 2020ന് ഗല്‍വാന്‍ താഴ് വരയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് ഇത് സംഭവിച്ചതെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു.
മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇതു സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. മുബൈയില്‍ ഒക്ടോബര്‍ 12നുണ്ടായ വൈദ്യുതിഗ്രിഡിലുണ്ടായ തകര്‍ച്ചയ്ക്കു പിന്നില്‍ സൈബര്‍ ആക്രമണമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വൈദ്യുതിത്തകരാറിന്റെ ഭാഗമായി മുബൈയിലെ ട്രയിന്‍ ഗതാഗതവും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും സാമ്പത്തിക ഇടപാടുകളും മണിക്കൂറുകളോളം സ്തംഭിച്ചു. റിപോര്‍ട്ട് മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിധിന്‍ റാവത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം മുബൈയിലെ വൈദ്യുതി തടസ്സത്തിനു പിന്നില്‍ മാനുഷിക കാരണങ്ങളാണ് ഉള്ളതെന്നാണ് പ്രതിരോധന മന്ത്രാലയത്തിന്റെ നിലപാട്. സൈബലര്‍ ആക്രമണത്തിനുള്ള തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.