ബിജെപി ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നു; ജാതി സെന്‍സസ് ആവശ്യപ്പെട്ട് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: ബിജെപി ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് സമാജ് വാദി എംപി അഖിലേഷ് യാദവ്. ജാതി സെന്‍സസ് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടയിലാണ് അഖിലേഷിന്റെ ആരോപണം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനയുടെ 127ാം ഭേദഗതി നിയമം 2021നെ അഖിലേഷ് പിന്തുണച്ചു. എല്ലാവര്‍ക്കും ജാതി സെന്‍സസ് വേണമെന്നുണ്ടെന്നും ജാതികളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥകളുള്ള ജാതികളേതെന്ന് നിര്‍ണയിക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ബില്ല് സാമൂഹ്യക്ഷേമ മന്ത്രി ഡോ. വിരേന്ദ്ര കുമാറാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബിജെപി പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയാണ്. സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്ക് കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം സംവരണ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക ജാതിക്കാരായ മന്ത്രിമാരെ നിയോഗിച്ചതുകൊണ്ടുമാത്രം അവരുടെ വികസനം ഉറപ്പുവരുത്താന്‍ കഴിയില്ല. പകരം സംവരണം 50 ശതമാനത്തിനു മുകളിലേക്ക് കൊണ്ടുവരണം- അദ്ദേഹം പറഞ്ഞു.