ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍; ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി: ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സുപ്രീംകോടതി വിധിക്കുശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രികയില്‍ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് കിട്ടുന്ന സൂചന. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗയ്ക്ക് പുറമെ മറ്റു നദികളിലേക്കും ശുദ്ധീകരണ പദ്ധതി എന്നിവയാണ് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള മറ്റു വാഗ്ദാനങ്ങള്‍.
തീവ്രവാദം അടിച്ചമര്‍ത്തുമെന്നും പ്രകടനപത്രികയില്‍ ഉറപ്പ് പറയുന്നുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ തൊഴിലിന് പ്രത്യേക മന്ത്രാലയമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കും. കൃഷിക്കാരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ടാവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം.