ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു: വിവാഹ മോചനത്തിന് നോട്ടീസ് അയക്കുമെന്ന് എംപി

തൃണമൂല്‍ കോണ്‍ഗ്രസുകാരനായ സൗമിത്ര ഖാന്‍ 2014 ല്‍ ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് യുവജന വിഭാഗമായ യുവ മോര്‍ച്ചയുടെ നേതാവായി.

Update: 2020-12-21 10:29 GMT
കൊല്‍ക്കത്ത: ബിജെപിയില്‍ നിന്നും രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ബിജെപി എംപി. പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപിയായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടാല്‍ ഖാന്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതാവായ സുജാത ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഭര്‍ത്താവിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംസാരിക്കാറുമുണ്ട്.


എന്റെ പ്രിയപ്പെട്ട ദീദിയുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് മുന്‍ അധ്യാപിക കൂടിയായ സുജാത ഖാന്‍ ബിജെപി വിട്ടത്. 'എനിക്ക് ആശ്വസിക്കണം, എനിക്ക് ബഹുമാനം വേണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുതുതായി ചേര്‍ന്ന, തെറ്റായ, അഴിമതി നിറഞ്ഞ നേതാക്കള്‍ക്ക് ബിജെപിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു'. അവര്‍ പരാതിപ്പെട്ടു.


ബന്ധം അവസാനിച്ചെന്നും ഭാര്യക്ക് വിവാഹമോചന നോട്ടീസ് അയക്കുമെന്നും സൗമിത്ര ഖാന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുകാരനായ സൗമിത്ര ഖാന്‍ 2014 ല്‍ ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് യുവജന വിഭാഗമായ യുവ മോര്‍ച്ചയുടെ നേതാവായി. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍, ക്രിമിനല്‍ കേസില്‍ പ്രതിയായ സൗമിത്ര ഖാന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി തടഞ്ഞിരുന്നു. ഭാര്യ സുജാത ഖാന്‍ ആണ് അക്കാലത്ത് ഭര്‍ത്താവിനു വേണ്ടി പ്രചരണം നടത്തി അദ്ദേഹത്തെ വിജയിപ്പിച്ചത്.


വാര്‍ത്താ സമ്മേളനം നടത്തിയാണ് സൗമിത്ര ഖാന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയാണെന്ന് അറിയിച്ചത്. പറഞ്ഞു. 'രാഷ്ട്രീയം കാരണം 10 വര്‍ഷത്തെ ബന്ധം അവസാനിച്ചു. ഞാന്‍ ഇപ്പോള്‍ ബിജെപിക്കുവേണ്ടി കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കും,' തൃണമൂലിലേക്ക് ഭാര്യയെ അനുഗമിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ഭര്‍ത്താവാണ് തീരുമാനിക്കേണ്ടതാണെന്ന് സുജാത ഖാന്‍ പറഞ്ഞു. 'അദ്ദേഹം ഒരു ദിവസം കാര്യങ്ങള്‍ തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു ദിവസം അദ്ദേഹം തൃണമൂലില്‍ തിരിച്ചെത്തുമോ എന്ന് ആര്‍ക്കറിയാം,' അവര്‍ പറഞ്ഞു.




Tags:    

Similar News