കരിങ്ങോള്‍ച്ചിറ പാലത്തിലൂടെ ഗതാഗതം സാധ്യമാക്കുന്നതിനായി ആരംഭിച്ച താല്‍ക്കാലിക അപ്രോച്ച് റോഡ് നിര്‍മാണത്തിന് പാരവച്ച് ബിജെപി

പടിഞ്ഞാറ് വശത്ത് പഴയപാലത്തിന്റെയും പുതിയ പാലത്തിന്റെയും നടുക്ക് മൂന്നര മീറ്റര്‍ വീതിയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ച് ഗതാഗത സൗകര്യം ഒരുക്കാനുള്ള നീക്കമാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

Update: 2020-07-23 13:22 GMT

മാള: ഒരു പതിറ്റാണ്ടായി നിര്‍മാണം തടസ്സപ്പെട്ട് കിടക്കുന്ന കരിങ്ങോള്‍ച്ചിറ പാലത്തിലൂടെ ഗതാഗതം സാധ്യമാക്കുന്നതിനായി ആരംഭിച്ച താല്‍ക്കാലിക അപ്രോച്ച് റോഡ് നിര്‍മാണത്തിന് പാരവച്ച് ബിജെപി. പടിഞ്ഞാറ് വശത്ത് പഴയപാലത്തിന്റെയും പുതിയ പാലത്തിന്റെയും നടുക്ക് മൂന്നര മീറ്റര്‍ വീതിയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ച് ഗതാഗത സൗകര്യം ഒരുക്കാനുള്ള നീക്കമാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. മണ്ണിട്ട് നികത്തുന്ന ഭാഗത്ത് പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുകി പോവുന്നതിന് സൗകര്യം ഒരുക്കുമെന്ന് പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീറും എംഎല്‍എ വി ആര്‍ സുനില്‍കുമാറും അറിയിച്ചു.

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മാള പുത്തന്‍ചിറ അണ്ടാണിക്കുളം റോഡ് ഈ ഭാഗത്ത് വഖഫ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസ് ഉള്ളത് കൊണ്ടാണ് ഇവിടെ തോട് നികത്തി താല്‍ക്കാലികമായി റോഡ് ഉണ്ടാക്കുന്നത്. പഴയ പാലം അപകടാവസ്ഥയിലായതിനാല്‍ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതിന് വേണ്ടി കലക്ടറുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക റോഡ് നിര്‍മാണം നടക്കുന്നത്.

റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ട വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വന്ന ശേഷം റോഡ് നിര്‍മാണം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഈ വസ്തുക്കള്‍ മൂടി വച്ചാണ് ബിജെപി പുത്തന്‍ചിറ, മാള പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് റോഡ് നിര്‍മ്മാണം തടഞ്ഞത്.

പുതിയ പാലത്തിലൂടെ അടിയന്തിരമായി ഗതാഗതം ആരംഭിക്കുന്നതിന് വേണ്ടിയുള്ള റോഡ് നിര്‍മാണം തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പുത്തന്‍ചിറ, മാള ഗ്രാമപ്പഞ്ചായത്തുകളില്‍ ജനരോഷം ശക്തമാകുകയാണ്. ഇതിനിടെ ബിജെപിക്കാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മണ്ണിട്ട ഭാഗം വീഡിയോയിലെടുത്ത് പോസ്റ്റ് ചെയ്തതില്‍ എംഎല്‍എക്കും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേയും ദുഷ്ടലാക്കോടെയുള്ള കമന്റുകളുടെ പൂരമാണ് നടക്കുന്നത്.

Tags:    

Similar News