മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി പദ്ധതി? സംസ്ഥാനത്ത് ഭരണമാറ്റം ഉടനുണ്ടാകുമെന്ന് കേന്ദ്രമന്ത്രി
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനോ നിലവിലുള്ള സര്‍ക്കാരിനെ തകര്‍ക്കാനോ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്നാണ് നാരായണ്‍ റാണെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജയ്പൂര്‍: മഹാരാഷ്ട്രയില്‍ ഉടന്‍തന്നെ ഒരു ഭരണമാറ്റം കാണാനാകുമെന്ന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ. 'അടുത്ത മാര്‍ച്ച് മാസത്തോടെ മഹരാഷ്ട്രയില്‍ ഭരണം മാറും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനോ നിലവിലുള്ള സര്‍ക്കാരിനെ തകര്‍ക്കാനോ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം' എന്നാണ് നാരായണ്‍ റാണെ മാധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ടു ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശന വേളയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഉദ്ധവ് താക്കറെയ്ക്ക് സുഖമില്ലാതെ കിടപ്പിലാണ്. അതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കരുതെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, മൂന്ന് പാര്‍ട്ടികളുടെ കൂട്ടായ്മയായ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികകാലം നിലനില്‍ക്കില്ല'- നാരായണ്‍ റാണെ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്ര സര്‍ക്കാരിനെ തകര്‍ക്കാനും സംസ്ഥാനത്ത് ബിജെപി നേതൃത്വത്തെ സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും മുന്‍ കോണ്‍ഗ്രസ്, ശിവസേന നേതാവ് കൂടിയായ നാരായണ്‍ റാണെ വെളിപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രണ്ടാഴ്ച മുമ്പ് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രിക്രിയ വിജയകരമായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ബിജെപി അണിയറയില്‍ തയ്യാറാക്കുന്നുവെന്നുള്ളതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രസ്താവന. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപംകൊടുത്ത മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറിയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.