ബംഗാള്‍ പിടിക്കാന്‍ കുതന്ത്രങ്ങളുമായി ബിജെപി

Update: 2020-12-19 12:21 GMT

കൊല്‍ക്കൊത്ത: ഇക്കാലമത്രയും കൈയിലൊതുങ്ങാതിരുന്ന ബംഗാള്‍ പിടിക്കാന്‍ ബിജെപി പയറ്റുന്നത് അസാധാരണമായ കുതന്ത്രങ്ങള്‍. എതിരാളികളായ എംഎല്‍എമാരെയും നേതാക്കളെയും വലവീശിപ്പിടിക്കുന്നതിനു പുറമെ ആര്‍എസ്എസ് ബ്രാന്‍ഡ് ഹിന്ദുത്വവുമായി ചേര്‍ന്നുപോകാത്ത ബംഗാള്‍ സംസ്‌കൃതിയുടെ പ്രതീകങ്ങള്‍ കൂടി വരുതിയിലാക്കാനാണ് ബിജെപിയുടെ ശ്രമം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്ന ആരോപണവും ബംഗാളി ഹിന്ദുക്കള്‍ക്ക് അപരിചതരായ ബ്രാന്‍ഡെന്ന പ്രചാരണവും നേരിടാന്‍ നിരവധി ഗൂഢപദ്ധതികളുമായാണ് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഇത്തവണ കൊല്‍ക്കത്തയിലെത്തിയിരിക്കുന്നത്.

ദീര്‍ഘകാലം ഇടത്പക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കക്ഷികളുടെയും കൈപ്പിടിയിലായിരുന്ന ബംഗാള്‍, രാഷ്ട്രീയം കൊണ്ടുമാത്രമല്ല, ആര്‍എസ്എസ് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്ന ശ്രീരാമബിംബവുമായിപോലും അത്ര ചേര്‍ച്ചയിലായിരുന്നില്ല. രാമന്‍ സുപ്രധാനമായ ദൈവമായിരുന്നെങ്കിലും കാളിദേവിയെപ്പോലെ ബംഗാളികള്‍ക്ക് ഒരു വികാരമായിരുന്നില്ല. ബംഗാളി ജനതയുടെ മനസ്സിലേക്ക് കയറിക്കൂടാന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് കഴിയാതിരുന്നതിനു പിന്നിലും ഈ സാംസ്‌കാരിക വൈജാത്യം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ബിജെപി ഒരു പുറംകക്ഷിയാണെന്നായിരുന്നു തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളുടെ പ്രചാരണം. അതിനെ മറികടക്കുന്ന തലത്തിലാണ് ഇത്തവണ അമിത് ഷാ തന്റെ സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി ബംഗാളി ഹിന്ദു ദേശീയതയെ വലിയ തോതില്‍ സ്വാധീനിച്ച വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. 


 കൊല്‍ക്കത്തയിലെ രാമകൃഷ്ണ മിഷനും രാമകൃഷ്ണ ആശ്രമവും സന്ദര്‍ശിച്ച അമിത്ഷാ സ്വാമി വിവേകാനന്ദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സന്ദര്‍ശനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് സിദ്ധേശ്വരി ക്ഷേത്രവും മഹാമയ ക്ഷേത്രവും സന്ദര്‍ശിച്ചു. രണ്ടും പ്രശസ്തമായ കാളീക്ഷേത്രങ്ങളാണ്. തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായ യുവവിപ്ലവകാരികളായിരുന്ന ഖുദിറാം ബോസിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചു. 



 ''മഹാനായ സ്വാതന്ത്ര്യസമര സേനാനി ഖുദിറാം ബോസിന്റെ ഭവനത്തിലെ മണ്ണ് നെറ്റിയില്‍ തൊടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനായി സ്വയം ത്യാഗം ചെയ്യാന്‍ അദ്ദേഹം സന്തോഷത്തോടെ തൂക്കുമരത്തിലേക്ക് പോയി''- അമിത് ഷാ കൂടെയുള്ളവരോട് പറഞ്ഞു. ഖുദിരാം ബോസിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. പിന്നീട് അദ്ദേഹം ഖുദിറാം ബോസിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഖുദിറാം ബോസിന്റെ ജന്മസ്ഥലത്ത് വേണ്ട വിധത്തിലുള്ള വികസനമില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 


 ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തതിന് നിരവധി ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ആര്‍എസ്എസ്സും ബിജെപിയും. ഈ സാഹചര്യത്തില്‍ ബംഗാളി ദേശീയബോധത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമായ ഖുദിറാം ബോസിന്റെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനു പിന്നില്‍ ഈ ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള നീക്കമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 


 ബെലിജുരി ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചത്!

ഇന്ന് പശ്ചിം മിഡ്‌നാപൂരില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ മുന്‍ തൃണമൂല്‍ എംപി സുവേന്ദു അധികാരിയടക്കം ഒമ്പത് പേരാണ് തങ്ങളുടെ പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും അമിത്ഷാ അംഗത്വവും നല്‍കി. തൃണമൂലിനു പുറമെ ഇടതുപാര്‍ട്ടികളില്‍ നിന്നുള്ളവരും ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ട്. സുവേന്ദു അധികാരി, തപസി മണ്ഡല്‍, അശോക് ദിന്‍ഡ, സുദീപ് മുഖര്‍ജി, സൈകത്ത് പഞ്ജ, ശില്‍ഭദ്ര ദത്ത, ദിപാലി ബിശ്വാസ്, സുക്ര മുണ്ട, ശ്യാമപ്ദ മുഖര്‍ജി, ബിശ്വാജിത് കുണ്ടു, ബനാശ്രി മൈതി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന മറ്റ് നേതാക്കള്‍. 


 

Tags:    

Similar News