എസ്ഡിപിഐയെ നിരോധിക്കില്ല, പക്ഷെ നിയമ നടപടി സ്വീകരിക്കും: സ്വരം മാറ്റി കര്‍ണാടക സര്‍ക്കാര്‍
വ്യാഴാഴ്ച്ച ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗവും പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നിരോധന കാര്യം ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ബിജെപി നേതാക്കളും മന്ത്രിമാരും എസ്ഡിപിഐ നിരോധനം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ നിരോധന കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
ബെംഗളൂരു: ബെംഗളൂരു ആക്രമണത്തിന്റെ പശ്ചാതലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സ്വരം മാറ്റുന്നു. എസ്ഡിപിഐയെ നിരോധിക്കുമെന്ന് പറയാനാവില്ല, എന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. ആവശ്യമെങ്കില്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനക്ക് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച്ച ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗവും പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നിരോധന കാര്യം ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ബിജെപി നേതാക്കളും മന്ത്രിമാരും എസ്ഡിപിഐ നിരോധനം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ നിരോധന കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. നിരോധനം സംബന്ധിച്ച് തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും എസ്ഡിപിഐക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും കര്‍ണാടക ടൂറിസം മന്ത്രി സി ടി രവി പറഞ്ഞു. നിരോധനം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുന്നതിന് മുന്‍പ് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകള്‍ 'സാമൂഹിക വിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ശേഖരിക്കണമെന്നും സി ടി രവി പറഞ്ഞു.
'എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും ഉള്‍പ്പെട്ട ഈ ഒരു സംഭവം മാത്രമല്ല നമ്മള്‍ പരിഗണിക്കേണ്ടത്. സംസ്ഥാന വ്യാപകമായി നടന്ന സംഭവങ്ങളില്‍ നിന്ന് അവര്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കണം. അതിന് ശേഷം തീരുമാനം എടുക്കണം'. സി ടി രവി പറഞ്ഞു.
ഇതിന് മുന്‍പ് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകള്‍ ആരോപണ വിധേയരായ സംഭവങ്ങള്‍ പരിശോധിച്ച് സംസ്ഥാന പോലിസ് തെളിവുകള്‍ ശേഖരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തെളിവുകള്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്. ശക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കോടതി സ്വീകരിക്കുകയുള്ളൂ. സാമൂഹിക വിരുദ്ധ സംഘങ്ങളെ അഴിഞ്ഞാന്‍ അനുവദിക്കരുത്'. സി ടി രവി പറഞ്ഞു.
അതേസമയം, ബംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുമെന്ന് നേരത്തെ കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞിരുന്നു. കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങളും നിരോധനം പരിഗണനയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ കര്‍ശന നിലപാടില്‍ നിന്നാണ് കര്‍ണാടക സര്‍ക്കാര്‍ പിന്നോട്ട് പോയിരിക്കുന്നത്.