ബിജെപി യുപിയിലും ഉത്തരാഖണ്ഡിലും അധികാരത്തില്‍ തിരിച്ചെത്തും; ഗോവയിലും മണിപ്പൂരിലും ഏറെ മുന്നില്‍; പഞ്ചാബ് ആം ആദ്മി പാര്‍ട്ടിക്ക്
ന്യൂഡല്‍ഹി; ആം ആദ്മി പാര്‍ട്ടി (എഎപി) പഞ്ചാബ് തൂത്തുവാരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായി. ആദ്യ ഫലസൂചനകള്‍ ആ സാധ്യതയാണ് നല്‍കുന്നത്.
യുപിയില്‍ 260 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. പഞ്ചാബില്‍ 80 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. ഉത്തരാഖണ്ഡില്‍ 40ലധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ഇവിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായ ഹരീഷ് റാവത്ത് പിന്നിലാണ്.
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപി കോണ്‍ഗ്രസിനേക്കാള്‍ അല്‍പ്പം മുന്നിലെത്തുമെന്നാണ് ഇപ്പോഴത്തെ ട്രന്‍ഡ് സൂചിപ്പിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ബിജെപി 20ലധികം സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഹീന്‍ഗാംഗില്‍ മുന്നിലാണ്.
690 സീറ്റുകളാണ് ആകെ അഞ്ച് സംസ്ഥാനങ്ങളിലായി ഉള്ളത്. 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പം പോരാട്ടത്തിലായിരുന്നു. ഉത്തരാഖണ്ഡിലെ സ്ഥിതി വ്യക്തമായിക്കഴിഞ്ഞു. ഗോവയില്‍ ബിജെപി മുന്നിലാണെങ്കിലും ചില അനിശ്ചിതത്വങ്ങളുണ്ട്. പഞ്ചാബില്‍ എഎപി അധികാരത്തിലെത്തുമെന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്.
പഞ്ചാബിലും മണിപ്പൂരിലും ഫെബ്രുവരി 10ന് നടന്ന വോട്ടെടുപ്പോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമായത്. മാര്‍ച്ച് 7ന് യുപിയിലെ ഏഴാം ഘട്ട ടവോട്ടെടുപ്പോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു.
യുപിയില്‍ 403 സീറ്റാണ് ഉള്ളത്. അതില്‍ ബിജെപി 267 ല്‍ മുന്നിലുണ്ട്. എസ് പി 124ല്‍ മുന്നിലാണ്. കോണ്‍ഗ്രസ് ഏറെ പിന്നിലാണ്, ലീഡ് ചെയ്യുന്നത് 4ഇടത്ത്.
പഞ്ചാബില്‍ 117ല്‍ എഎപി 90ഇടത്ത് മുന്നിലാണ്. കോണ്‍ഗ്രസ് 17സീറ്റിലും ശിരോമണി അകാലിദള്‍ 6ഇടത്തും ബിജെപി 3ലും മുന്നിലാണ്.
ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളുണ്ട്. 42ല്‍ ബിജെപിയും 25ല്‍ കോണ്‍ഗ്രസ്സും മുന്നിലുണ്ട്.
മണിപ്പൂരില്‍ 29ല്‍ ബിജെപിയും കോണ്‍ഗ്രസ് 10ലും എന്‍പിപി 9ലും മുന്നിലാണ്. മറ്റുള്ളവര്‍ 12.
ഗോവയില്‍ ബിജെപി 18, കോണ്‍ഗ്രസ് 12, തൃണമൂല്‍ 4, എഎപി 3 എന്നിങ്ങനെയാണ് ലീഡിങ് നില.