ബ്ലാക്ക് ഫംഗസ് ; പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് കെജ്രിവാള്‍
ബ്ലാക്ക് ഫംഗസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആംഫോറ്റെറിസിന്‍-ബി മരുന്ന് കൂടുതലായി ലഭ്യമാക്കും.
ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ മൂന്ന് ആശുപത്രികളില്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രി, ജിടിബി ആശുപത്രി, രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിക്കുക. ഡല്‍ഹിയില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള മരുന്നുകളുടെ ഏകോപനം, രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണം തുടങ്ങിയ തീരുമാനങ്ങളും വിദഗ്ദരുമായുള്ള ചര്‍ച്ചയിലുണ്ടായി. ബ്ലാക്ക് ഫംഗസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആംഫോറ്റെറിസിന്‍-ബി മരുന്ന് കൂടുതലായി ലഭ്യമാക്കും. ആംഫോറ്റെറിസിന്‍-ബി രാജ്യത്ത് വിവിധയിടങ്ങളിലായി കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്ന റിപോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.