അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രവാചകനിന്ദ: അഡ്വ. കൃഷ്ണരാജിനും സംഘത്തിനുമെതിരേയുള്ള പരാതി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് കൈമാറിയെന്ന് ഡിജിപി
കൊച്ചി: അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രവാചകനിന്ദയ്‌ക്കെതിരേ അഡ്വ. കൃഷ്ണരാജിനും സംഘാടകര്‍ക്കും എതിരേ നല്‍കിയ പരാതി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് കൈമാറിയെന്ന് ഡിജിപിയുടെ ഓഫിസ് അറിയിച്ചതായി പരാതിക്കാരനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. വി ആര്‍ അനൂപ്. ഫേസ് ബുക്കിലൂടെയാണ് ഡിജിപിയുടെ ഓഫിസില്‍നിന്ന് ലഭിച്ച മറുപടി അനൂപ് പങ്കുവച്ചത്. പോലിസിന്റെ അടുത്ത നടപടിക്കായി കാത്തിരിക്കുകയാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെയും കൃഷ്ണരാജിനെതിരേ അനൂപ് പരാതി നല്‍കിയിരുന്നു. ഫേസ് ബുക്കിലൂടെ മുസ് ലിം വിദ്വേഷപ്രചാരണം നടത്തിയ സംഭവത്തിലായിരുന്നു അനൂപ് പരാതി നല്‍കിയത്. പക്ഷേ, ആ കേസില്‍ ഇതുവരെയും പോലിസ് നടപടിയെടുത്തിട്ടില്ല.
വസ്ത്രത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടന്ന സമയത്ത് 'ഹൂറികളെ തേടിയുള്ള തീര്‍ത്ഥയാത്ര. കൊണ്ടോട്ടിയില്‍നിന്നു കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്' എന്നാണ് കൃഷ്ണരാജ് ഫേസ് ബുക്കില്‍ എഴുതിയത്. ഇതിനെതിരേയാണ് അനൂപ് കൊച്ചി പോലിസ് കമ്മീഷണര്‍ക്ക് മെയ് 30ന് പരാതി നല്‍കിയത്. ആ കേസില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് കൊച്ചി സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ സിഐയാണ് അനൂപിനെ അറിയിച്ചത്. ഇക്കാര്യവും അനൂപ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.