വിദ്വേഷപ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തര്‍ക്ക ഹര്‍ജി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന് പി സി ജോര്‍ജ്

Update: 2022-05-17 08:39 GMT

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്ന് പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസെന്നും ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ ഒരു പ്രസ്താവനകളും നടത്തിയിട്ടില്ലെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍കുന്നതായി പറഞ്ഞു. ഈ കാര്യം പ്രോസീക്യൂഷന്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് പി ജി ജോര്‍ജിന്റെ വാദം. കേസ് ബലപെടുത്താന്‍ വേണ്ടി പോലിസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറെന്നും പി സി ജോര്‍ജ് ആരോപിക്കുന്നു.

ഏപ്രില്‍ 29ന് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ പ്രസംഗമാണ് കേസിനസ്പദമായ സംഭവം. സംഘപവരിവാറിനെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോര്‍ജിന്റെ പ്രസംഗം. ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ എസ്ഡിപി ഐയും യൂത്ത് ലീഗും ഡിവൈഎഫ്‌ഐയും പോലിസില്‍ പരാതി നല്‍കി. ഫോര്‍ട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാടകീയമായിട്ടായിരുന്നു പി സി ജോര്‍ജിന്റെ അറസ്റ്റും ജാമ്യവും. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീണ്ടും പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    

Similar News