മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച പി സി ജോര്‍ജിനെതിരേ കേസെടുക്കണം: കെയുഡബ്ല്യുജെ

Update: 2022-07-02 14:47 GMT

തിരുവനന്തപുരം: കൈരളി ടിവി സീനിയര്‍ റിപോര്‍ട്ടര്‍ എസ് ഷീജയോട് പി സി ജോര്‍ജും കൂട്ടാളികളും അപമാര്യാദയായി പെരുമാറിയ സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴില്‍ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്ന പി സി ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ശനിയാഴ്ച ചോദ്യം ചെയ്യലിനായി പോലിസ് വിളിച്ചുവരുത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതായി അറിഞ്ഞ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സാമാന്യമര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്.

മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി സി ജോര്‍ജ് ആവര്‍ത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദാപരമായ പെരുമാറ്റം ജോര്‍ജില്‍ നിന്ന് ഉണ്ടായത്. പി സി ജോര്‍ജിനെപ്പോലെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനില്‍നിന്നും ഒരിക്കലുമുണ്ടാവാന്‍ പാടില്ലാത്ത സമീപനമാണിത്. മുമ്പും പലതവണ ഇത്തരം പെരുമാറ്റങ്ങള്‍ പി സി ജോര്‍ജ് ആവര്‍ത്തിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരേ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നുവരണം. ജോര്‍ജിനെതിരേ കേസെടുക്കണമെന്നും യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News