പി സി ജോര്‍ജ് ബിജെപിയിലേക്ക്; ഇന്നത്തെ ചര്‍ച്ചയ്ക്കു ശേഷം അന്തിമതീരുമാനം
തിരുവനന്തപുരം: കേരളത്തിലെ ഇരുമുന്നണികളിലും സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പാവുകയും ജനപക്ഷത്തിന് ജനപിന്തുണയില്ലാത്തതിനാലും മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ബിജെപിയിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവാന്‍ ശ്രമിച്ചെങ്കിലും ആരും സ്വീകരിക്കാതായതോടെയാണ് ബിജെപി പാളയത്തിലേക്ക് പോവാന്‍ തീരുമാനിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍, ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയില്‍ ലയിക്കണോ അതോ മുന്നണി എന്ന നിലയില്‍ സഹകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.