ഡൽഹി-ടൊറന്‍റോ എയർ കാനഡ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന എയര്‍ കാനഡ വിമാനത്തിന് (എസി 43) വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.50 ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഐസൊലേഷന്‍ ബേയിലേക്ക് അയച്ചു. ഡല്‍ഹിടൊറന്റോ എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഓഫിസില്‍ ചൊവ്വാഴ്ച രാത്രി 10.50 നാണ് ഇമെയില്‍ ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എയര്‍ക്രാഫ്റ്റ് സ്‌ക്രീനിംഗ് അപ്പോള്‍ തന്നെ നടത്തിയതായി അധികൃതര്‍ അറിയിച്ചു.
സ്റ്റാന്‍ഡേര്‍ഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ പാലിച്ച് സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. വിഷയത്തില്‍ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. 306 യാത്രക്കാരും ക്രൂ അംഗങ്ങളുമുള്ള പാരീസ്-മുംബൈ വിമാനത്തില്‍ ബോംബ് ഭീഷണി കുറിപ്പ് കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച 177 യാത്രക്കാരുമായി പുറപ്പെട്ട ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി. ഇതേ തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.