കണ്ണൂരില്‍ സിപിഎം കേന്ദ്രത്തിലെ സ്‌കൂളില്‍നിന്ന് ബോംബുകള്‍ പിടികൂടി; ഒതുക്കിത്തീര്‍ക്കാന്‍ പോലിസ് ശ്രമം
മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ വില്ലേജ് മുക്ക് സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു പിന്നിലെ ശൗചാലയത്തില്‍ നിന്നാണ് അഞ്ച് നാടന്‍ ബോംബുകള്‍ പിടികൂടിയത്.
കണ്ണൂര്‍: സിപിഎം കേന്ദ്രത്തിലെ സ്‌കൂളില്‍നിന്ന് ബോംബുകള്‍ പിടികൂടിയ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലിസ് ശ്രമമെന്ന് ആക്ഷേപം. മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ വില്ലേജ് മുക്ക് സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു പിന്നിലെ ശൗചാലയത്തില്‍ നിന്നാണ് അഞ്ച് നാടന്‍ ബോംബുകള്‍ പിടികൂടിയത്. ബുധനാഴ്ചയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പോലിസെത്തിയാണ് ബോംബുകള്‍ കൊണ്ടുപോയത്.
എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബോംബല്ലെന്നും ഗുണ്ട് എന്ന് വിളിക്കുന്ന സ്‌ഫോടക വസ്തുവാണെന്നുമാണ് പോലിസ് പറയുന്നത്. സിപിഎം കേന്ദ്രത്തിലെ ബോംബ് ശേഖരം മറച്ചുവയ്ക്കാന്‍ പോലിസ് ശ്രമിക്കുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം തന്നെ കുറ്റിയാട്ടൂരിനു ഒന്നര കിലോമീറ്റര്‍ അകലെയുള്ള എസ്ഡിപിഐ ഓഫിസുകളില്‍ രഹസ്യ വിവരമുണ്ടെന്നു പറഞ്ഞ് റെയ്ഡ് നടത്തുകയും സംശയകരമായ യാതൊന്നും കണ്ടെത്താനാവാതെ മടങ്ങുകയും ചെയ്തിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ ബോംബുകള്‍ ശേഖരിച്ചു വയ്ക്കുകയും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.