ലോക്ഡൗണില്‍ കുട്ടികള്‍ക്ക് പുസ്തകമെത്തിക്കാന്‍ പുസ്തകവണ്ടി; ഇത് മഞ്ചേരി എച്ച്എംവൈ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മാതൃക

പുസ്‌കവണ്ടി ഓരോ ദിവസം ഏത് ഭാഗങ്ങളിലേക്കാണ് എന്നത് അധ്യാപകരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിലാണ് ആദ്യം അറിയിക്കുന്നത്. അതിനനുസരിച്ച് ഓരോ ക്ലാസിന്റെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കളെ അറിയിക്കും.

Update: 2021-06-12 18:11 GMT

മഞ്ചേരി: ലോക്ഡൗണ്‍ കാരണം പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ സ്‌കൂളിലെത്താന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് പുസ്തകവുമായി അവരിലേക്കെത്തുകയാണ് മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍ യതീംഖാന ഹയര്‍സെക്കന്ററി സ്‌കൂള്‍. അധ്യാപകര്‍ മുന്നിട്ടിറങ്ങിയാണ് തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ അവരുടെ നാട്ടിലേക്ക് എത്തിച്ചു നല്‍കുന്നത്.

ഓണ്‍ലൈന്‍ ക്ലാസിന്റെ പരിമിതികളുടെ ധര്‍മ്മസങ്കടത്തിനിടയില്‍ കുട്ടികളുടെ കൈകളില്‍ പാഠപുസ്തകങ്ങളെങ്കിലും എത്രയും വേഗം എത്തിക്കണമെന്ന ആഗ്രഹമാണ് പുസതകവണ്ടി എന്ന ആശയത്തിന് പിറകിലെന്ന് പ്രധാനാധ്യാപകന്‍ കെ എം എ ഷുകൂര്‍ പറയുന്നു. പുസ്തക വിതരണത്തിനുള്ള വാഹനങ്ങളിലൊന്ന് മഞ്ചേരിയിലെ ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് വിട്ടുനല്‍കിയത്.

പുസ്‌കവണ്ടി ഓരോ ദിവസം ഏത് ഭാഗങ്ങളിലേക്കാണ് എന്നത് അധ്യാപകരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിലാണ് ആദ്യം അറിയിക്കുന്നത്. അതിനനുസരിച്ച് ഓരോ ക്ലാസിന്റെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കളെ അറിയിക്കും. പുസ്തക വണ്ടി എത്തുന്ന സ്ഥലം സമയം എല്ലാം ഇതുവഴി കൈമാറും. 3300 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പുസ്തകം എത്തിച്ചു നല്‍കി. അഞ്ചാം ക്ലാസുകാര്‍ക്കുള്ള ഭക്ഷ്യക്കിറ്റുകളും ഇപ്രകാരം വാഹനത്തില്‍ എത്തിച്ചിരുന്നു.

അധ്യാപികമാരാണ് ഓരോ കുട്ടികള്‍ക്കുമുള്ള പുസ്തകങ്ങള്‍ സെറ്റുകളാക്കി കെട്ടിവെക്കുന്നത്. ഇവ അധ്യാപകര്‍ വിവിധ വാഹനങ്ങളിലായി പല പ്രദേശങ്ങളിലുമെത്തിക്കും. പ്രധാനാധ്യാപകന്‍ കെ എം എ ഷുകൂറിനൊപ്പം കമാല്‍, ഷിഹാര്‍,ഷഫീഖ്, ജലീല്‍, നിഷാദ്, നവാസ്, അസീസ്, ഇര്‍ഷാദ്, ഷാനവാസ്, ഹൈദ്രസ്, ബാസിത്ത് എന്നിവരാണ് പുസ്തക വിതരണത്തിന് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News