മഞ്ചേരിയില്‍ ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍കഴിഞ്ഞ 82 വയസ്സുകാരിക്ക് നിപയില്ല
കോഴിക്കോട്: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 82 വയസ്സുകാരിയുടെ പരിശോധനാഫലം പുറത്തുവന്നു. വയോധികയുടെ ഫലം നെഗറ്റീവാണ്. ഇതോടെ മഞ്ചേരിയിലെ ആശങ്കയൊഴിഞ്ഞു. നേരത്തേ നിപ സ്ഥിരീകരിച്ച രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് നിരീക്ഷണത്തിലാക്കിയത്. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും കാരണം ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജിലെത്തിയത്. തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രക്ത, സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും ചെയ്തു. ഇതിന്റെ ഫലം പുറത്തുവന്നതോടെയാണ് ആശങ്ക ഒഴിവായത്.
അതോടെ, കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഭയപ്പെടേണ്ടതില്ല. പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമാണ്. അസാധാരണമായ പനി കേസുകളോ നിപ രോഗിയുമായി സമ്പര്‍ക്കമോ റിപോര്‍ട്ട് ചെയ്താല്‍ രോഗികള്‍ക്ക് വേണ്ടിയുളള ഐസൊലേഷന്‍ സൗകര്യങ്ങള്‍ തയ്യാറാക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പനിയുള്ളവരുടെ നിരീക്ഷണം ശക്തമാക്കുകയും സംശയാസ്പദമായ ഏതെങ്കിലും രാഗികളെ കണ്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കാനും ഹോമിയോ ഐഎസ്എം ഡിഎംഒ മാര്‍ക്ക് ചുമതല നല്‍കി.