' ഇഷ്ടിക മോഷ്ടിച്ചു'; ഉദയനിധി സ്റ്റാലിനെതിരെ ബിജെപി പരാതി നല്‍കി

തൂത്തുക്കുടിയിലെ വിലാത്തികുളത്ത് നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക ഉയര്‍ത്തിക്കാണിച്ച് പ്രസംഗിച്ചത്.

Update: 2021-03-27 04:56 GMT

ചെന്നൈ: ഡിഎംകെ നേതാവും പ്രശസ്ത കോളിവുഡ് താരവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് ബിജെപി അംഗം പരാതി നല്‍കി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് ഉദയനിധി സ്റ്റാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.


എയിംസ് ക്യാംപസിന്റെ നിര്‍മാണം തടസ്സപ്പെട്ടത് സംബന്ധിച്ച് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കവെ സ്റ്റാലിന്‍ അവിടെ നിന്നും എടുത്തതാണ് എന്ന തരത്തില്‍ ഒരു ഇഷ്ടിക ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, നിര്‍മാണ സ്ഥലത്തു നിന്നും അനുമതിയില്ലാതെ ഇഷ്ടിക മോഷ്ടിച്ചു എന്ന് ബിജെപി അംഗം നീധിപാണ്ഡ്യന്‍ പരാതി നല്‍കുകയായിരുന്നു. തൂത്തുക്കുടിയിലെ വിലാത്തികുളത്ത് നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക ഉയര്‍ത്തിക്കാണിച്ച് പ്രസംഗിച്ചത്. 'മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രിയെ കുറിച്ച് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ, ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണ്'. ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു.


ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഇതോടെയാണ് മോഷണക്കുറ്റവുമായി ബിജെപി അംഗം പോലിസ് സ്‌റ്റേഷനിലെത്തിയത്.




Tags:    

Similar News