യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരത്തെ റഷ്യ മോചിപ്പിച്ചു

Update: 2022-12-08 15:51 GMT

മോസ്‌കോ: ആയുധ ഇടപാടുകാരന്‍ റഷ്യന്‍ പൗരനായ വിക്ടര്‍ ബൗട്ടിന് വേണ്ടി യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രിന(32) റെ അമേരിക്കയ്ക്ക് റഷ്യ കൈമാറി. കഴിഞ്ഞ 12 വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ആളാണ് വിക്ടര്‍ ബൗട്ടന്‍. കഴിഞ്ഞ ഫെബ്രുവരി 17നാണ് വിമന്‍സ് നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ഫീനിക്‌സ് മെര്‍ക്കുറിയുടെ താരമായിരുന്ന ബ്രിട്ട്‌നി ഗ്രിനറെ മയക്കുമരുന്ന് കൈവശംവച്ചതിന് റഷ്യ തടവിലാക്കിയത്. മോസ്‌കോ വിമാനത്താവളത്തില്‍വച്ചാണ് ബ്രിട്ട്‌നി ഗ്രിനര്‍ അറസ്റ്റിലായത്.

ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും അമേരിക്കയും മോസ്‌കോയും തമ്മിലുള്ള ബന്ധം വഷളായതും ബ്രിട്ട്‌നിയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കി. പിന്നീട് യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും മധ്യസ്ഥശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗ്രിനറുടെ മോചനം ഉറപ്പാക്കിയതായി യുഎഇസൗദി സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. താന്‍ ഗ്രിനറുമായി സംസാരിച്ചെന്നും അവര്‍ സുരക്ഷിതയാണെന്നും വീട്ടിലേക്ക് വരികയാണെന്നും യുഎസ് പ്രസിഡന്റ് ബൈഡന്‍ ട്വീറ്റ് ചെയ്തു. അവര്‍ ഒരു വിമാനത്തിലാണ്. മാസങ്ങളോളം റഷ്യയില്‍ അന്യായമായി തടങ്കലിലാക്കിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയിലാണ്.

അസഹനീയമായ സാഹചര്യങ്ങളില്‍ തടവിലാക്കപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അവരെത്തും. തങ്ങള്‍ അവരുടെ മോചനത്തിനായി വളരെക്കാലമായി പരിശ്രമിച്ചതിന് ഫലം ലഭിച്ച ദിവസമാണിത്- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഓവല്‍ ഓഫിസില്‍ നിന്ന് ഗ്രിനറുമായി ഫോണില്‍ സംസാരിച്ചു. ഫോണ്‍ കോളിന്റെ ചിത്രവും വൈറ്റ് ഹൗസ് പുറത്തുവിട്ടു. അബൂദബി വിമാനത്താവളത്തില്‍ വച്ചാണ് ഇരുതടവുകാരെയും പരസ്പരം കൈമാറിയതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

Tags:    

Similar News