ബുല്‍ഡോസര്‍ രാഷ്ട്രീയവും സുപ്രിംകോടതിയും

Update: 2022-04-20 07:37 GMT

ജഹാംഗീര്‍പുരിയില്‍ ഇന്ന് രാവിലെയാണ് ബുള്‍ഡോസറുകളും സന്നാഹങ്ങളുമായി നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ അധികൃതര്‍ 'അനധികൃത' കെട്ടിടങ്ങള്‍ പൊളിക്കാനായി ബുള്‍ഡോസറുകളുമായെത്തിയത്. ആദ്യം ഒമ്പത് ബുള്‍ഡോസറുകള്‍ അധികൃതര്‍ അണിനിരത്തി. ഉച്ചയോടെ 'അനധികൃത' നിര്‍മാണം തകര്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ കോടതി ഇടപെടലുണ്ടാവുമെന്ന് ഉറപ്പായതുകൊണ്ട് പൊളിക്കല്‍ ഒമ്പത് മണിക്കേ തുടങ്ങി.

പൊളിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞ മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ തങ്ങളുടെ ആശങ്ക അറിയിച്ചു. നോട്ടിസ് പോലും നല്‍കാതെ പൊളച്ചുനീക്കുന്നതിനെതിരേ കോടതി ഇടപെടുകയും ചെയ്തു. തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ടു. അതുവരെ കാര്യങ്ങള്‍ ലളിതമായി നീങ്ങി.

പക്ഷേ, സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടും ഓര്‍ഡര്‍ കൈവശം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതികപ്രശ്‌നത്തിന്റെ പുറത്ത് അനധികൃത നിര്‍മാണമെന്നാരോപിച്ചുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ്. ഇപ്പോഴും അതു തുടരുകയാണ്. സുപ്രിംകോടതി വിധിക്കുപോലും പുല്ലുവില കല്‍പ്പിക്കുന്നിടത്തോളം കാര്യങ്ങള്‍ വഷളായി.

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയുടെ പേരില്‍ മുസ് ലിം മേഖലകളില്‍ ആക്രമണം നടത്തിയ ഹിന്ദുത്വസംഘത്തിന്റെ പുതിയ പദ്ധതിയാണ് ബുള്‍ഡോസര്‍ രാഷ്ട്രീയം. കഴിഞ്ഞ ദിവസം വാളും തോക്കുമായി ഹിന്ദുത്വര്‍ നടത്തിയ പ്രകടനത്തിന്റെ പേരില്‍ കേസ് എടുത്തത് മുസ് ലിംകള്‍ക്കെതിരേ. അനുമതിയില്ലാതെയാണ് ഘോഷയാത്ര നടത്തിയതെന്ന്് മനസ്സിലാക്കി പോലിസ് പിന്നീട് കേസെടുത്തെങ്കിലും ഹിന്ദുത്വര്‍ അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. അവര്‍ പോലിസിനെത്തന്നെ ഭീഷണിപ്പെടുത്തി. പോലിസുകാര്‍ കേസ്തന്നെ തേച്ച് മാച്ച് കളയുകയും ചെയ്തു.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ് ലിംകളെ നിശ്ശബ്ദരാക്കുന്നത് ഇതാദ്യമല്ല. നേരത്തെ മറ്റിടങ്ങളിലും ഇത് നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇവിടെയും അത് നടപ്പാക്കുന്നത്. ഇതിനെതിരേ ബഹുജനങ്ങള്‍ രംഗത്തിറങ്ങണം. അല്ലെങ്കില്‍ നഷ്ടപ്പെട്ടുപോകുന്നത് സമൂഹത്തിലെ ശാന്തിയും സമാധാനവുമാണ്. അവസാന ശ്രമത്തിന് തയ്യാറാവേണ്ട കാലം കഴിഞ്ഞിരിക്കുകയാണ്. സമാധാനം നഷ്ടമാകുന്നത് ഒരുവിഭാഗത്തിനു മാത്രമല്ലെന്നെങ്കിലും നാം തിരിച്ചറിണം. ചരിത്രം നല്‍കുന്ന മുന്നറിയിപ്പ് അതാണ്. 

Similar News