ഗോരഖ്പൂരില്‍ പോലിസ് റെയ്ഡിനിടയില്‍ ബിസിനസ്സുകാരന്‍ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യോഗി ആദിത്യനാഥ്

Update: 2021-10-02 05:08 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലെ ഹോട്ടലില്‍ അര്‍ധരാത്രി പോലിസ് നടത്തിയ റെയ്ഡിനിടെ വ്യവസായി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സിബിഐ അന്വേഷണം തുടങ്ങുംവരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം തുടരും. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ മനീഷ് കുമാര്‍ ഗുപ്തയാണ് പോലിസ് പരിശോധനക്കിടെ മരിച്ചത്. ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചുകയറിയ പോലിസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പരാതിപ്പെട്ട് കുടുംബം രംഗത്തുവന്നതിനെത്തുടര്‍ന്ന് ആറ് പോലിസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. മനീഷ് ഹോട്ടല്‍ മുറിയില്‍ വീണ് മരിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റേത് ഒരു അപകടമരണമാണെന്നുമാണ് പോലിസിന്റെ വാദം. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മനീഷിന്റെ ഭാര്യയെ കണ്ടിരുന്നു. അന്വേഷണം സുതാര്യമായിരിക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കി. അതിന്റെ ഭാഗമായാണ് കേസ് സിബിഐക്ക് കൈമാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലിസ് മദ്യപിച്ചിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത്. പോലിസുകാരുടെ കയ്യില്‍ തോക്കുകളുമുണ്ടായിരുന്നു. ഹോട്ടലില്‍ 'സംശയാസ്പദമായ' സാഹചര്യത്തില്‍ ചിലര്‍ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നതായി ഗോരഖ്പൂര്‍ പോലിസ് അവകാശപ്പെടുന്നു.

മരിക്കുന്നതിന് 10 മിനിറ്റ് മുമ്പ് മനീഷ് തന്നോട് സംസാരിക്കുകയായിരുന്നുവെന്ന് ഭാര്യ മൊഴിനല്‍കി. എന്നിട്ട് അയാള്‍ പോലിസുകാര്‍ ഇവിടെയുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പോലിസ് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും പോലിസ് സ്‌റ്റേഷനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞ് അയാള്‍ പിന്നീട് മറ്റൊരു ബന്ധുവിനെയും വിളിച്ചിരുന്നു. 

Tags:    

Similar News