ഉപതിരഞ്ഞെടുപ്പ്; പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം: എസ്ഡിപിഐ
പിണറായിയും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഡീല്‍ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുതകുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കും
പാലക്കാട്: നവംബര്‍ 13 ന് സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായിയും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഡീല്‍ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുതകുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഓരോ ദിവസവും ഡീല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നുകൊണ്ടിരിക്കുന്നു. ബിജെപിക്ക് കളമൊരുക്കുന്ന ഇത്തരം ഡീലുകള്‍ സംസ്ഥാനത്തെ മതേതര രാഷ്ട്രീയത്തെ അട്ടിമറിക്കും. പാലക്കാട് മണ്ഡലത്തില്‍ തൃശൂര്‍ മോഡല്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മണ്ഡലത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ച് ഒത്തുതീര്‍പ്പുകളിലൂടെയും പിന്‍വാതിലിലൂടെയും ബിജെപി വിജയിക്കുന്നത് തടയാന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.
സംസ്ഥാനത്ത് ഇടതുഭരണത്തില്‍ പോലിസും ആര്‍എസ്എസ്സും പരസ്യ ബാന്ധവത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഭരണകക്ഷി എംഎല്‍എ തന്നെ ഇത് തെളിവ് സഹിതം വ്യക്തമാക്കിയിരിക്കുന്നു.എഡിജിപി നേരിട്ട് ആര്‍എസ്എസ് തലവനുമായി ആശയവിനിമയം നടത്തി കാര്യങ്ങള്‍ തീരുമാനിക്കുന്ന ദുരന്തമാണ് സംസ്ഥാനത്ത് നടക്കുന്നത്. ക്രമാസമാധാന പാലന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അധോലോക മാഫിയ സംഘമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഇതിനെതിരേ ചെറുവിരലനക്കാന്‍ സാധിക്കുന്നില്ല. കാരണം മടിയില്‍ കനമുള്ളതുകൊണ്ടു തന്നെ. തൃശൂര്‍ പൂരം കലക്കല്‍ ഉദാഹരണമാണ്. അതേസമയം, പി വി അന്‍വര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഏറ്റെടുത്ത് അത് പ്രക്ഷോഭമാക്കിമാറ്റുന്നതിനു മുന്നോട്ടു വരാത്തത് ദുരൂഹമായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ചേലക്കര മണ്ഡലത്തില്‍ ഇടതുവലത് മുന്നണികളോട് തുല്യ അകലം പാലിക്കുമെന്നും ബദല്‍ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹംപറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം എന്നിവര്‍ സംബന്ധിച്ചു.