മന്ത്രിസഭാ വാര്‍ഷികം: കോഴിക്കോട് ബീച്ചില്‍ 19 മുതല്‍ വിപുലമായ പരിപാടികള്‍

Update: 2022-04-05 02:52 GMT

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 19 മുതല്‍ 26 വരെ നടത്തുന്ന പ്രദര്‍ശന വിപണന മേളയില്‍ എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകള്‍, വിപുലമായ ഫുഡ് കോര്‍ട്ട്, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികള്‍ച്ചറല്‍ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ തുടങ്ങിയവയുമുണ്ടാകും.

ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി ആര്‍ ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഒരു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പരിപാടിയുടെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ വൈസ് ചെയര്‍മാനുമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും.

ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കോര്‍പറേഷന്‍ മേയര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും വിവിധ കമ്മറ്റികളുടെ അധ്യക്ഷരാകും.

Tags:    

Similar News