കൊവിഡ് വാക്‌സിന്‍ രോഗസങ്കീര്‍ണത കുറയ്ക്കുമോ? വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാമെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍

Update: 2021-05-18 05:25 GMT

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ ഓക്‌സിജന്‍ പ്രതിസന്ധിയും വര്‍ധിച്ചു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ലഭ്യമല്ലാത്തതുകൊണ്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. താരതമ്യേന സുരക്ഷിതമായ ആരോഗ്യ സംവിധാനങ്ങളുളള കേരളത്തില്‍ പോലും ഓക്‌സിജന്‍ ബെഡില്ലാത്തതിനാല്‍ രോഗി മരണപ്പെട്ടു. എന്നാല്‍ രാജ്യത്തെ മൊത്തത്തിലെടുത്താല്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ഓക്‌സിജന്‍ ആവശ്യകത കുറയ്ക്കാമെന്നാണ് കണക്കുകള്‍ പറയുന്നത്.

മണിപ്പൂരിന്റെയും ത്രിപുരയുടെയും ഓക്‌സിജന്‍ ആവശ്യകതയും വാക്‌സിനേഷന്‍ നിരക്കും താരതമ്യം ചെയ്താല്‍ ഇങ്ങനെയൊരു നിഗമനത്തിലേക്ക് നമ്മെ നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മെയ് 14ാം തിയ്യതി മണിപ്പൂരിലെ ഇംഫാലിലെ പ്രമുഖമായ സ്വകാര്യ ആശുപത്രി പുതുതായി രോഗികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തു. കാരണം അവിടെ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമായിരുന്നില്ല.

ആ സമയത്ത് 31 ലക്ഷം ജനസംഖ്യയുള്ള മണിപ്പൂരില്‍ ആകെ 5,500 രോഗികളെ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ആകെ ഓക്‌സിജന്‍ ആവശ്യകത സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ കണക്കുപ്രകാരം 900 ഡി ടൈപ്പ് സിലിണ്ടറുകളായിരുന്നു.

തൊട്ടടുത്ത സംസ്ഥാനമായ ത്രിപുരയില്‍ ആകെ 40 ലക്ഷം പേരുണ്ട്. അന്നത്തെ കേസ് ലോഡ് 4,230. അവിടത്തെ ഓക്‌സിജന്‍ ആവശ്യകത, കണക്കനുസരിച്ച് 100-115 ഡി ടൈപ്പ് സിലിണ്ടറുകളായിരുന്നു.

അതായത് മണിപ്പൂരില്‍ ത്രിപുരയേക്കാള്‍ 4 മടങ്ങ് അധികം ഓക്‌സിജന്‍ ആവശ്യമായിരുന്നു. അതേസമയം ത്രിപുരയിലെ കേസ് ലോഡില്‍ മണിപ്പൂരിനെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ.

ഇത്രയും വ്യത്യാസം എന്തുകൊണ്ടാണ്?

ത്രിപുരയിലെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കാണെന്നാണ് വിദഗ്ധരും സംസ്ഥാന അധികാരികളും കരുതുന്നത്.

ത്രിപുരയില്‍ അന്നേ ദിവസം 40-45 പേര്‍ക്ക് മാത്രമേ ഓക്‌സിജന്‍ ആവശ്യമുണ്ടായിരുന്നുള്ളുവെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മേധാവി ഡോ. സിദ്ദാര്‍ത്ഥ് ശിവ് ജെയ്‌സ്വാള്‍ പറയുന്നത്. ''ത്രിപുരയിലെ ഓക്‌സിന്‍ ആവശ്യകത മറ്റ് അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. കാരണം സംസ്ഥാനത്തെ വാക്‌സിനേഷന്‍ നിരക്ക് താരതമ്യേന ഉയര്‍ന്നതായിരുന്നു. ഉയര്‍ന്ന വാക്‌സിനേഷന്‍ സംസ്ഥാനത്തിന് ഗുണകരമായി''

ത്രിപുരയിലെ വാക്‌സിനേഷന്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണ്. മെയ് 16ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 90 ശതമാനം വരുന്ന 45നും അറുപതിനും ഇടയിലുള്ള പൗരന്മാര്‍ക്ക് ഒന്നാം ഡോസ് കൊടുത്തു കഴിഞ്ഞിരുന്നു.

അതേസമയം മണിപ്പൂരില്‍ 30 ശമതാനം 45നും 60നും മുകളിലുളളവര്‍ക്കേ വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞിട്ടുള്ളൂ.

മേഘാലയയില്‍ 32.2 ലക്ഷം ജനങ്ങളാണ് ഉള്ളത്. അവിടെ 4,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിടത്തെ പ്രതിദിന ഓക്‌സിജന്‍ ആവശ്യകത 6.5-8 മെട്രിക് ടണ്‍ ഓക്‌സിജനാണ്. അത് ഏകദേശം 800 ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വരും. മണിപ്പൂരുമായി താരതമ്യപ്പെടുത്താവുന്നതാണിത്.

വാക്‌സിനേഷന്‍ നിരക്കും മണിപ്പൂരുമായി താരതമ്യം ചെയ്യാവുന്നതാണ്. മേഘാലയയില്‍ 30 ശതമാനം 45 വയസ്സിനു മുകളിലുള്ളവര്‍ക്കും 25 ശതമാനം 60 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ താരതമ്യം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സാധുവാണ്. കൂടുതല്‍ പേരെ വാക്‌സിനേഷന് വിധേയമാക്കിയാല്‍ കേസ് ലോഡ് കൂടിയാലും ഓക്‌സിജന്‍ ആവശ്യകത കുറയ്ക്കാം.

വലിയ സംസ്ഥാനങ്ങളില്‍ ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഏപ്രില്‍ 28ന് സുപ്രിംകോടതിയില്‍ കേന്ദ്രം നല്‍കിയ കണക്കനുസരിച്ച് ആന്ധ്ര പ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ കേസ് ലോഡുകള്‍ താരതമ്യം ചെയ്യാവുന്നതാണ്. ആന്ധ്രയില്‍ 1.07 ലക്ഷവും ഛത്തിസ്ഗഢില്‍ 1.15 ലക്ഷവും ബംഗാളില്‍ 1.05 ലക്ഷവുമായിരുന്നു.

അതേസമയം ഈ സംസ്ഥാനങ്ങളുടെ ഓക്‌സിജന്‍ ആവശ്യകതയില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ആന്ധ്രയ്ക്ക് 480 മെട്രിക് ടണ്ണും ബംഗാളിന് 308 മെട്രിക് ടണ്ണും ഛത്തിസ്ഗഢിന് 227 മെട്രിക് ടണ്ണും.

രാജസ്ഥാനില്‍ 1.63 ലക്ഷം കേസ് ലോഡുണ്ടായിരുന്നു, അവരുടെ ഓക്‌സിജന്‍ ആവശ്യകത ബംഗാളിനേക്കാളും ആന്ധ്രയേക്കാളും കുറവായിരുന്നു, 265 മെട്രിക് ടണ്‍.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങള്‍ ഛത്തിസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ്.

ഞായറാഴ്ചയിലെ കണക്കനുസരിച്ച് ആന്ധ്രയില്‍ 60 നുമുകളിലും 45നു മുകളിലുള്ള 30 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ബംഗാളില്‍ ഇത് 35 ശമതാനവും 28 ശതമാനവുമാണ്.

ഛത്തിസ്ഗഢില്‍ 45നും 60നും ഇടയിലുള്ള 67 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. രാജസ്ഥാനില്‍ അറുപതിനു മുകളിലുളള 80 ശതമാനം പേര്‍ക്കും 45നു മുകളില്‍ 61 ശതമാനം പേര്‍ക്കും ഒന്നാം ഡോസ് വാകിസന്‍ നല്‍കിക്കഴിഞ്ഞു.

വാക്‌സന്‍ നല്‍കിയവര്‍ക്ക് ഓക്‌സിജന്‍ വേണ്ടിവന്ന ചുരുക്കം സന്ദര്‍ഭങ്ങളേയുളളൂവെന്നാണ് രാജസ്ഥാനില്‍നിന്നുള്ള കണക്ക്. രണ്ട് ഡോസ് സ്വീകരിച്ചവരില്‍ കൊവിഡ് ഒരിക്കലും സങ്കീര്‍ണ പ്രശ്‌നമുണ്ടാക്കുന്നില്ലെന്ന് രാജസ്ഥാന്‍ കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ. പ്രവീന്‍ അസ്വലിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു. ഒന്നാം ഡോസ് തന്നെ ആവശ്യമായ സുരക്ഷ നല്‍കുന്നു.

അതേസമയം ഇതിന് അപവാദങ്ങളുമുണ്ട്, കേരളവും ഗുജറാത്തും.

ഏപ്രില്‍ 28ന് ഗുജറാത്തില്‍ ഓക്‌സിജന്‍ ആവശ്യകത 1,000 മെട്രിക് ടണ്ണാണ്. സമാനമായ കേസ് ലോഡുള്ളവരേക്കാള്‍ കൂടുതല്‍. ഗുജറാത്തില്‍ 1.33 ലക്ഷമാണ് കേസ് ലോഡ്.

കേരളത്തില്‍ 99 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് വേണ്ടത്. കേരളത്തിലെ കൊവിഡ് കണക്കാണെങ്കില്‍ 2.66 ലക്ഷവും. ഗുജറാത്തിന്റെ വാക്‌സിനേഷന്‍ നിരക്ക് കേരളത്തേക്കാള്‍ മെച്ചമാണ്. ക്ലിനിക്കല്‍ മാനേജ്‌മെന്റിലെയും ഉപയോഗിക്കുന്ന ഉപകരണത്തിലെയും വ്യത്യാസമാണ് ഇതിനുപിന്നില്‍. ഉദാഹരണത്തിന് ഹൈഫ്‌ലൊ നാസല്‍ കാന്നുല്‍സിനേക്കാള്‍ കുറവ് മാത്രമേ നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകള്‍ ഓക്‌സിജന്‍ ഉപയോഗിക്കുകയുള്ളൂ.

മറ്റൊന്ന് ഉപയോഗത്തിലെ സൂക്ഷ്മതയാണ്. ഇത് കേരളത്തില്‍ കൂടുതലാണ്.

Similar News