കാന്‍സര്‍ രോഗിക്ക് കര്‍ണാടകയില്‍ നിന്ന് മരുന്നെത്തിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍; സഹായിക്കാന്‍ കേരള പോലിസും
കോട്ടക്കല്‍: കോട്ടക്കലിലെ കാന്‍സര്‍ ബാധിതനായ യുവാവിന് കര്‍ണാടകയില്‍ നിന്ന് മരുന്നെത്തിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരും പോലിസും ചേര്‍ന്ന്. കൂട്ടായ്മകളിലൂടെ നാടിന്റെ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്നതിന് ഉദാഹണമായി മാറി മലപ്പുറത്തെ യുവാവിന്റെ അനുഭവം. മലപ്പുറം ജില്ലയിലെ പൊന്മള തലക്കാപ്പിലെ യുവാവിനുള്ള മരുന്നാണ് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കിയത്.
കാന്‍സര്‍ ബാധിച്ച യുവാവിന്റെ കാലുകള്‍ നേരത്തെ മുറിച്ചുനീക്കിയിരുന്നു. എന്നാല്‍ ആന്തരികാവയവങ്ങള്‍ക്കുകൂടി രോഗം പിടികൂടിയ സാഹചര്യത്തില്‍ കീമോ തെറാപ്പി ഫലിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടയിലാണ് ഷിമോഗയിലെ പച്ചമരുന്ന് ചികില്‍സയെ കുറിച്ച് അറിയുന്നത്. അത് കഴിക്കാന്‍ തുടങ്ങിയതോടെ രോഗത്തിന് ശമനുണ്ടായി.
അതിനിടയിലാണ് ലോക്ക് ഡൗണ്‍ വന്നത്. തീര്‍ന്ന മരുന്ന് വാങ്ങാന്‍ കഴിഞ്ഞില്ല. കുടുംബം പൊന്മള പഞ്ചായത്ത് എസ്ഡിപിഐ സെക്രട്ടറി പി കെ ഹംസയെ സമീപിച്ചു. അദ്ദേഹം കര്‍ണാടകയിലെ പാര്‍ട്ടിപ്രവര്‍ത്തകരെ സമീപിച്ചു. അവര്‍ മരുന്ന് പാല്‍വണ്ടിയില്‍ കേരള കര്‍ണാടക അതിര്‍ത്തിയിലെത്തിച്ചു.
കാസര്‍കോഡ് മണ്ഡലം പ്രസിഡന്റ് സക്കരിയയും പ്രവര്‍ത്തകനായ ഫൈസലും മരുന്ന് ശേഖരിച്ച് കാസര്‍കോഡ് പോലിസിനു കൈമാറി. അവര്‍ തിരുവനന്തപുരവുമായി ബന്ധപ്പെട്ടു. പോലിസ് വീട്ടില്‍ വിളിച്ച് കാര്യം തിരക്കി. സംഭവം ശരിയാണെന്ന് അറിഞ്ഞ പോലിസ് മരുന്ന് കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനും അവരത് മലപ്പുറത്തെ തലക്കാപ്പിലും പ്രവര്‍ത്തകരുടെ സഹായത്തോടെ വീട്ടിലും എത്തിച്ചു.