ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ കേസ്; മുഖ്യമന്ത്രിയുടെ നിശബ്ദത ഓര്‍മപ്പെടുത്തുന്നത് നരസിംഹറാവുവിന്റെ മൗനത്തെ എന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ബുള്ളി ബായ് ആപിനെതിരേ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കാനെത്തിയ വിദ്യാര്‍ഥികളെ ഇരിക്കാന്‍ പറയാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന്റേതാണ്. പ്രത്യേക വിഭാഗങ്ങളോട് പിണറായിക്ക് അസഹിഷ്്ണുതയാണ്. ഇത്രയും ചതിയനായ മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല

Update: 2022-01-17 12:26 GMT

തിരുവനന്തപുരം: ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്ന പോലിസ് നടപടിക്കെതിരെ നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രി, ബാബരി മസ്ജിദ് ധ്വംസന കാലത്തെ നരസിംഹറാവുവിന്റെ മൗനത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ആര്‍എസ്എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ 95 കേസുകളാണ് കേരള പോലിസ് രജിസ്റ്റര്‍ ചെയ്തത്. അത് ഒരു പ്രത്യേക മത- സാമൂഹിക വിഭാഗത്തിനെതിരേയാണ്. ഇതില്‍ 37പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലരെയും ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസ് പറയുന്നത് തിരുവനന്തപുരത്ത് നിന്ന് വിളിച്ച് പറഞ്ഞത് കൊണ്ട് കേസെടുത്തു എന്നാണ്. ഈ വിളിച്ച് പറയുന്ന കേന്ദ്രത്തെ സംബന്ധിച്ച് കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം.

ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന ആഭ്യന്തര വകുപ്പിന്റെ സമീപനം അപായ സൂചനയാണ് നല്‍കുന്നത്. വംശഹത്യയെ പ്രത്യയശാസ്ത്രമായി കാണുന്ന മാനവിക വിരുദ്ധമായ ആര്‍എസ്എസ് ആശയത്തെ എതിര്‍ക്കുക എന്നത് പൗരന്റെ പ്രഥമ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിയും സംഘപരിവാര നേതൃത്വങ്ങളും തമ്മിലുണ്ടാക്കിയ ആത്മബന്ധത്തിന്റെ പേരില്‍ കേരളം വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്.

പൊതുരംഗത്തുള്ള മുസ്‌ലിം സ്ത്രീകളെ മൊബൈല്‍ ആപില്‍ വില്‍പനയ്ക്ക് വച്ചതിനെതിരേ കോഴിക്കോട് ഇരകള്‍ ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തിന് മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന ആക്ഷേപമുയര്‍ത്തി ഒരു സാമൂഹിക പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്തതിന് കേരള പോലിസ് 153എ പ്രകാരം കേസെടുത്തിരിക്കുന്നു. തനിക്ക് ശേഷം പ്രളയം എന്ന നിലയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പോക്ക്. മുഖ്യമന്ത്രിയുടെ മൗനം ബാബരി തര്‍കത്ത സന്ദര്‍ഭത്തിലെ നരസിംഹറാവുവിന്റെ മൗനത്തേയാണ് ഓര്‍മപ്പെടുത്തുന്നത്. ഗുരുതരമായ മൗനമാണിത്. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പോലിസിനും ആഭ്യന്തര വകുപ്പിനും എതിരേ ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. അപ്പോഴും ആര്‍എസ്എസ് നേതാക്കളുമായി സിപിഎം നേതാക്കള്‍ സ്വകാര്യമായി ചര്‍ച്ചനടത്തുന്നു. ഇത് കേരളത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതരത്തിലേക്ക്, അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. ഇത്രയും ചതിയനായ മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലാപാഹ്വാനം നടത്തി ആലപ്പുഴയില്‍ പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്കെതിരേ കേസെടുത്തിട്ടില്ല. പക്ഷെ, ആ പ്രസംഗം ഷെയര്‍ ചെയ്തതിന്റെ പേരില്‍ കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.

ബുള്ളി ബായ് ആപ്പിലൂടെ പൊതുപ്രവര്‍ത്തകരായ മുസ്‌ലിം വനിതകളെ വില്‍പ്പനയ്ക്ക് വെച്ച കേസില്‍ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പോലിസ് പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റുചെയ്യുമ്പോഴും കേരളാ പോലിസിന് നല്‍കിയ പരാതികള്‍ അവഗണിക്കുകയാണുണ്ടായത്. ഈ ആപ്പിനെതിരേ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കാനെത്തിയ വിദ്യാര്‍ഥികളെ ഒന്ന് ഇരിക്കാന്‍ പറയാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന്റേതാണ്. പ്രത്യേക വിഭാഗങ്ങളോട് മുഖ്യമന്ത്രിയുടെ അസഹിഷ്്ണുതയാണ് കാണിക്കുന്നത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ഇത് കലുഷിതമാക്കും.

ആലപ്പുഴയിലെ ഫിറോസിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച പോലിസുകാര്‍ക്കെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ പോലും കേരളത്തിലെ ആഭ്യന്തര വകുപ്പിനായിട്ടില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഇടതുപക്ഷം ഫേസ് ബുക്കില്‍ ആര്‍എസ്എസിനെതിരേ പോസ്റ്റിടുന്നവര്‍ക്ക് നേരെ കേസെടുക്കുകയാണ്. ഈ നില ആവര്‍ത്തിക്കുകയാണെങ്കില്‍ കേരളത്തിന്റെ സമാധാന നില ഇടതു സര്‍ക്കാരിന്റെ കയ്യില്‍ നില്‍ക്കാതെവരും. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കള്ളക്കേസെടുത്തും ജാമ്യം നിഷേധിച്ചും ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം വ്യാമോഹം മാത്രമാണെന്നും അതിനെ ഭേദിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News