മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലം ഉദ്ഘാടനം ചെയ്തതിന് എംഎല്‍എക്ക് എതിരേ കേസ്

Update: 2021-07-03 07:18 GMT

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ മണ്ഡലത്തിലെ പാലം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എക്ക് എതിരേ പോലിസ് കേസെടുത്തു. ശിവരാജ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ പുതുതായി നിര്‍മ്മിച്ച പാലം ഉല്‍ഘാടനം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സജ്ജന്‍ സിങ് വര്‍മയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷനല്‍ ഓഫീസര്‍ സോമേഷ് ശ്രീവാത്സവിന്റെ പരാതിയിലാണ് ഗോപാല്‍പുര്‍ പോലീസിന്റെ നടപടി.


സെഹോര്‍ ജില്ലയിലെ നസ്‌റുല്ലാഗഞ്ചിനേയും ദേവാസ് ജില്ലയിലെ ഖടേഗോണിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സീപ് നദിക്കു കുറുകെയുള്ള പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎല്‍എ ഉദ്ഘാടനം നടത്തി തുറന്നുകൊടുത്തത്.


എന്നാല്‍, കോടി ചെലവില്‍ നിര്‍മിച്ച പാലം നാലു ദിവസം കഴിഞ്ഞ് ഉല്‍ഘാടനം ചെയ്യാനിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണികളെല്ലാം പൂര്‍ത്തീകരിച്ചെങ്കിലും ലോഡ് ടെസ്റ്റിങ് കൂടി ബാക്കിയുണ്ടായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. ജൂണ്‍ 30നാണ് എംഎല്‍എ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യേഗസ്ഥരുടെ ഉത്തരവിനോട് നിസ്സഹകരണം, മറ്റുള്ളവരുടെ ജീവന്‍ അപടകത്തിലാക്കല്‍ തുടങ്ങി വിവിധ ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ കേസെടുത്തത്.




Tags:    

Similar News