നടിയെ ആക്രമിച്ച കേസ്; പ്രതി സുനില്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി
കേസിലെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി സുനില്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കേസ് നടന്നിരുന്നത്. തുടര്‍ച്ചയായി മൂന്നാം തവണ സുനില്‍ കുമാര്‍ കോടതിയില്‍ ഹാജരാത്തതിനെ തുടര്‍ന്നാണ്‌ജാമ്യം റദ്ദാക്കിയത്. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നിന്ന രണ്ടു പേര്‍ക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു.
വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം എട്ട് പ്രതികളെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ആകെ കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതി ദിലീപ് വിദേശത്താണ്. ഒമ്പതാം പ്രതി സുനില്‍ കുമാറിന് നേരത്തെ ജാമ്യം' അനുവദിച്ചെങ്കിലും ഇന്ന് കോടതിയില്‍ ഹാജരായില്ല. ആറ് മാസനത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനോടകം കേസിലെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന ദിലീപ് കേസ് പരിഗണിക്കുന്ന ഡിസംബര്‍ മൂന്നിന് കോടതിയില്‍ ഹാജരായേക്കും.