മോഷണത്തിനിടെ ആക്രമണത്തില്‍ പരിക്കേറ്റ് പ്രായമായ സ്ത്രീ കൊല്ലപ്പെട്ട കേസ്; പ്രതി പിടിയില്‍
അസമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പോലിസ് കണ്ണൂരിലെത്തിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാരത്ത് വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്ന പ്രായമായ സ്ത്രീയെ മോഷണത്തിനിടെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ പോലിസ് സാഹസികമായി പിടികൂടി. അസം ബര്‍പെറ്റ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മോയിബുള്‍ ഹക്, (25) ആണ് പോലിസ് പിടിയിലായത്. വാരത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് സെപ്റ്റംബര്‍ 23ന് കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. പരുക്കേറ്റ ഇവര്‍ ചികിത്സക്കിടെ മരണപ്പെട്ടിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ അസി. കമ്മീഷണര്‍ പി പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇരുപതംഗ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അനേഷണത്തിനോടുവിലാണ് പ്രതിയെ അസമില്‍ പോയി പിടികൂടിയത്.
ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രതികള്‍ വീട്ടിനകത്ത് വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയാണ് ആക്രമിച്ചത്. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടോര്‍ ഓണാക്കിയ സമയത്ത് വെള്ളം കിട്ടാത്തതിനെ തുടര്‍ന്നു വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പിടിച്ചു പറിച്ചു. ഇതിനിടെ ആയിഷക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അസമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പോലിസ് കണ്ണൂരിലെത്തിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലിസ് പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരി, എസ് ഐ ബിജു പ്രകാശ്, ചക്കരക്കല്‍ അഡീഷണല്‍ എസ് ഐ രാജീവന്‍, കണ്ണൂര്‍ ടൗണ്‍ എസ് ഐ മാരായ അനീഷ്, ഹാരിസ്, ഉണ്ണിക്കൃഷ്ണന്‍, യോഗേഷ്, എഎസ്‌ഐമാരായ എം അജയന്‍, രഞ്ജിത്ത്, സജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുപ്രസാദ്, നാസര്‍, സ്‌നേഹഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.