സിബിഐ അന്വേഷണം; ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രിംകോടതിയില്‍

തിങ്കളാഴ്ചയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്

Update: 2021-04-06 13:45 GMT

ന്യൂഡല്‍ഹി: മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രീം കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അപ്പീല്‍ നല്‍കിയതായി മഹാരാഷ്ട്ര സ്റ്റാന്‍ഡിംഗ് അഭിഭാഷകന്‍ സച്ചിന്‍ പാട്ടീല്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകന്‍ സുധന്‍ഷു എസ് ചൗധരിയും പറഞ്ഞു.


തിങ്കളാഴ്ചയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതോടെ അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബഞ്ചായിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അസാധാരണമായതും അഭൂതപൂര്‍വുമായ കേസാണെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടാണ് കോടതി സിബിഐയോട് പ്രഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.


മുംബൈയിലെ ബാറുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നൂറു കോടി രൂപ പിരിച്ചെടുക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ്ങിന്റെ ആരോപണമാണ് മഹാരാഷ്ട്ര സര്‍ക്കാറിനെ പിടിച്ചുലക്കുന്നതിലേക്കു വളര്‍ന്നത്.




Tags:    

Similar News