തോട്ടിപ്പണിക്ക് നിര്‍ബന്ധിക്കുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവ്: തോട്ടിപ്പണി നിരോധന നിയമം കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Update: 2020-09-05 08:32 GMT

ന്യൂഡല്‍ഹി: തോട്ടിപ്പണിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവിലെ നിയമം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആളുകളെ തോട്ടിപ്പണിക്ക് നിയോഗിക്കുന്നത് 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിയമം പുതുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച നിയമം കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെങ്കിലും പാസ്സാവാന്‍ സാധ്യത കുറവാണ്. തോട്ടിപ്പണിക്ക് നിര്‍ബന്ധിക്കുന്നവര്‍ക്ക് പുതിയ നിയമത്തില്‍ പത്ത് ലക്ഷം രൂപ പിഴയിടാനും വകുപ്പുണ്ട്.

സെപ്റ്റംബര്‍ 2013 ന് തോട്ടിപ്പണി നിരോധിച്ചുകൊണ്ട് ഒരു ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അഞ്ച് വര്‍ഷം വരെ ശിക്ഷയും ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തുരുന്നു. തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നവരെ പുനഃരധിവസിപ്പിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതൊക്കെയാണെങ്കിലും തോട്ടിപ്പണി രാജ്യത്ത് നിര്‍ബാധം തുടരുകയാണെന്ന് സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

തൊഴിലാളികളെ ഗ്യാസ് ചേമ്പറുകളിലേക്ക് അയക്കുകയാണെന്ന് ഇതു സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കുംപോലുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇത്തരം ജോലിയിലേക്ക് തൊഴിലാളികളെ നിയോഗിക്കുന്നതിനെതിരെ ആയിരുന്നു മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.

രാജ്യത്ത് തോട്ടിപ്പണി നിരോധിച്ചതാണെങ്കിലും അതിപ്പോഴും തുടരുന്നുണ്ടെന്നും അതിനു ബദല്‍ മാര്‍ഗം ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക ധനസഹായം നല്‍കുമെന്നും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട് ലോകസഭയില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് 2019 നവംബറില്‍ മറുപടി നല്‍കിയിരുന്നു.

തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് 2019 ല്‍ മാത്രം 50 പേര്‍ മരിച്ചതായാണ് സഫായ് കര്‍മചാരി ദേശീയ കമ്മീഷന്റെ കണക്ക്. രാജ്യത്ത് 14 സംസ്ഥാനങ്ങളിലായി 40,000 തോട്ടിപ്പണിക്കാരുണ്ടെന്നാണ് 2018 ല്‍ കേന്ദ്രം നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇവരില്‍ ബഹുഭൂരിപക്ഷവും ദലിത് പിന്നാക്ക ജാതിയില്‍ നിന്നുള്ളവരാണ്.

സംസ്ഥാനങ്ങളുടെ സാമൂഹ്യ നീതി വകുപ്പ് ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം 56,595 ആളുകള്‍ ഈ ജോലി ചെയ്യുന്നു. അതില്‍ 31,000ത്തില്‍ അധികം ആളുകള്‍ ഉത്തര്‍ പ്രാദേശിലാണ്. 7,000ത്തില്‍ അധികം ആളുകള്‍ മഹാരാഷ്ട്രയിലുണ്ട്. കേരളത്തില്‍ 600 പേരുണ്ട്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 776 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും തമിഴ്നാട്ടിലുമാണ് കൂടുതല്‍. 

Tags:    

Similar News