കാത്തിരിപ്പിന് വിരാമം; കുവൈത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാന സര്‍വീസ് ഇന്നു മുതല്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നതിന് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ അവസാനമായി. കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാത്തത്തിനെ തുടര്‍ന്നുണ്ടായ തടസ്സങ്ങളാണ് ചൊവ്വാഴ്ച വൈകീട്ടോടെ നീങ്ങിയത്. കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍ മുതലായ ദേശീയ വിമാന കമ്പനികള്‍ക്ക് ആദ്യ സര്‍വീസിനുള്ള അനുമതി വേണമെന്ന് കുവൈത്ത് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെയാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായത്. ഇതേ തുടര്‍ന്ന് കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍വെയ്‌സ് എന്നീ രണ്ടു വിമാന കമ്പനികളുടെ 3 വിമാനങ്ങള്‍ ഇന്ന് ബുധനാഴ്ച കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസ് നടത്തിയതിനു ശേഷം വ്യാഴാഴ്ച മുതലാണ് മറ്റു കമ്പനികളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പുറപ്പെടുക.
ഇതുപ്രകാരം ജസീറ എയര്‍വെയ്‌സിന്റെ രണ്ടു വിമാനങ്ങള്‍ വൈകീട്ട് 5.40നു കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പുറപ്പെടും. ബുദൂര്‍ ട്രാവല്‍സ് ആണ് ഈ സര്‍വീസ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കുവൈത്ത് എയര്‍വെയ്‌സിന്റെ വിമാനം വൈകീട്ട് 6 മണിക്കാണ് കൊച്ചിയിലേക്ക് പുറപ്പെടുക. ഈ സര്‍വീസ് അല്‍ റാഷിദ് ഇന്റര്‍നാഷനല്‍ ട്രാവല്‍സ് ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. നാളെ ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച മറ്റു എല്ലാവരും യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.
നിലവില്‍ പ്രമുഖ ട്രാവല്‍ ഏജന്‍സികളായ അല്‍റാഷിദ് ഇന്റര്‍നാഷനല്‍, ഐ.ടി.എല്‍ വേള്‍ഡ്, അക്ബര്‍ ട്രാവല്‍സ്, ബുദൂര്‍ ട്രാവല്‍സ്, അല്‍ ഹിന്ദ് ട്രാവല്‍സ് മുതലായ സ്ഥാപനങ്ങളാണ് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ കല കുവൈത്ത്, കുവൈത്ത് എയര്‍വെയ്‌സുമായി ചേര്‍ന്ന് നേരിട്ടാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കെ.എം.സി.സി, കെ.കെ.എം.എ, ഓ.ഐ.സി.സി, കെ.ഐ.ജി, ഐ.എം.സി.സി, കാസര്‍കോഡ് എക്‌സ്പാറ്റ് അസോസിസിയേഷന്‍, ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍, തിരുവനന്തപുരം എക്‌സ്പാറ്റ് അസോസിസിയേഷന്‍, പല്‍പക്, ജെ.സി.സി മുതലായ സംഘടനകളും വിമാനം ചാര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ വിവിധ ഇന്ത്യന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് നിരവധി വിമാനങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.