സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കും: മേയര്‍ ആര്യ രാജേന്ദ്രന്‍
ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് മേയര്‍
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്് ഇരിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുകളയുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നിലവിലെ ഷെഡ് അനധികൃതമായി നിര്‍മ്മിച്ചതാണ്. അത് പൊളിച്ച് ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുമെന്നും മേയര്‍ പറഞ്ഞു.
ബെഞ്ച് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് വിവാദമായ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിന് സമീപത്തെ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയായിരുന്നു മേയര്‍. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി മനസ്സിലാക്കണം. അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാന്‍ഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നു എന്ന് പറയുന്നത് തെറ്റായ നടപടിയാണ്. അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കൊളജിന് സമീപത്തുള്ള ബസ് സ്‌റ്റോപ്പിലെ ഇരിപ്പിടം നാട്ടുകാര്‍ പൊളിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇപ്പോള്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാക്കി നാട്ടുകാര്‍ മാറ്റുകയായിരുന്നു.