ചാംപ്യന്‍സ് ലീഗ്; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബാഴ്‌സയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആഴ്‌സണലും ക്വാര്‍ട്ടറില്‍

Update: 2024-03-13 06:20 GMT

ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ബാഴ്‌സലോണയും ആഴ്‌സണലും. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ നോക്കൗട്ട് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ് നപ്പോളിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ അവസാന എട്ടിലെത്തിയത്. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-2.

നാലു വര്‍ഷത്തിനിടെ ആദ്യമായാണ് സ്പാനിഷ് ക്ലബ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ഫെര്‍മിന്‍ ലോപസ്, ജോ കാന്‍സലോ, ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ ബാഴ്‌സക്കായി വലകുലുക്കി. അമീര്‍ റഹ്‌മാനിയുടെ വകയായിരുന്നു നാപ്പോളിയുടെ ആശ്വാസ ഗോള്‍. യുവ താരങ്ങളെയും പരിചയസമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് സാവി ടീമിനെ കളത്തിലിറക്കിയത്. മത്സരത്തിന്റെ 15ാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. റാഫിഞ്ഞയുടെ അസിസ്റ്റില്‍നിന്ന് ലോപ്പസാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനിടെ ബാഴ്‌സ വീണ്ടും വലകുലുക്കി.


 റാഫിഞ്ഞയുടെ പോസ്റ്റില്‍ തട്ടി തിരിച്ചെത്തിയ പന്താണ് കാന്‍സലോ വലക്കുള്ളിലാക്കിയത്. 30ാം മിനിറ്റില്‍ റഹ്‌മാനി നാപ്പോളിക്കായി ഒരു ഗോള്‍ മടക്കി. നിശ്ചിത സമയം അവസാനിക്കാന്‍ ഏഴു മിനിറ്റ് ബാക്കി നില്‍ക്കെ പോളിഷ് താരം ലെവന്‍ഡോവ്‌സ്‌കി ടീമിന്റെ മൂന്നാം ഗോള്‍ നേടി. ഒടുവില്‍ നാപ്പോളിയുടെ വെല്ലുവിളി മറികടന്ന് ബാഴ്‌സ ഇരുപാദങ്ങളിലുമായി 4-2 എന്ന സ്‌കോറില്‍ ക്വാര്‍ട്ടറിലേക്ക്.

മറ്റൊരു മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്. 2010ന് ശേഷം ആദ്യമായാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണല്‍ ജയിച്ചത്. ഇരുപാദങ്ങളിലുമായി മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്റെ ജയം കരസ്ഥമാക്കിയാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.





Tags:    

Similar News