ചങ്ങമ്പുഴയും ഹമീദും; പിന്‍തലമുറ കൂടിച്ചേരലിലൂടെ സാര്‍ഥകമാക്കിയത് ആദ്യ പ്രസാധകനുള്ള ആദരം

ചങ്ങമ്പുഴയുടെ രമണന്‍ ആദ്യമായി അച്ചടിച്ചിറക്കുവാന്‍ എ കെ ഹമീദ് തയ്യാറായതോടെയാണ് മലയാള കവിതാ ചരിത്രത്തില്‍ രമണന്‍ പിന്നീട് ഒരു കാലഘട്ടത്തിന്റെ കാല്‍പ്പനിക കാവ്യമായി തീര്‍ന്നത്

Update: 2021-10-11 15:28 GMT

കൊച്ചി: മലയാളത്തിന്റെ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന കാല്‍പ്പനിക വിലാപകാവ്യം ആദ്യമായി അച്ചടിച്ച് ഇറക്കിയ എ കെ ഹമീദിന്റെ മക്കളെ കാണാന്‍ ചങ്ങമ്പുഴയുടെ മകള്‍ എത്തി.ചങ്ങമ്പുഴയുടെ രമണന്‍ ആദ്യമായി അച്ചടിച്ചിറക്കുവാന്‍ എ കെ ഹമീദ് തയ്യാറായതോടെയാണ് മലയാള കവിതാ ചരിത്രത്തില്‍ രമണന്‍ പിന്നീട് ഒരു കാലഘട്ടത്തിന്റെ കാല്‍പ്പനിക കാവ്യമായി തീര്‍ന്നത്. പിന്നീട് രമണന്റെ 60തോളം പതിപ്പുകളാണ് അച്ചടിച്ച് ഇറക്കേണ്ടിവന്നത്.


കഴിഞ്ഞ ദിവസം ചങ്ങമ്പുഴയുടെ നൂറ്റിപ്പത്താമത് ജന്മദിനത്തിലാണ് മഹാകവിയുടെ മകള്‍ ആദ്യ പ്രസാധകന്റെ മക്കളെ കാണാനെത്തിയത്. ഹമീദിന്റെ മകന്‍ ഡോ.മുഹമ്മദ് ഫൈസിയുടെ കാക്കനാടുള്ള വമ്പതിയില്‍ ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ ക്ഷണിച്ചു വരുത്തി ആദരിക്കുകയായിരുന്നു. ഹമീദിന്റെ ഒമ്പതില്‍ എട്ടു മക്കളും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തി. പ്രസിദ്ധ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടിയും അപൂര്‍വ്വ സംഗമത്തിന് സാക്ഷിയാകാനെത്തിയിരുന്നു.


ഹമീദിന്റെ മൂത്ത മകള്‍ സുബൈദയെ ചങ്ങമ്പുഴയുടെ മകള്‍ ലളിത പൊന്നാട അണിയിച്ചു. ഹമീദിന്റെ മകന്‍ ഡോ. ഫൈസി ജമാല്‍ കൊച്ചങ്ങാടിയേയും ആദരിച്ചു. സ്വയം പരാജയപ്പെട്ടു കൊണ്ട് ചങ്ങമ്പുഴയെ വിജയിപ്പിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഹമീദെന്ന് ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു.


എറണാകുളത്തെ ഒരു പഴക്കച്ചവടക്കാരന്റെ മകനായി പിറന്ന ഹമീദ് മലയാളി ഏറ്റവുമധികം സ്വീകരിച്ച കാല്‍പ്പനിക വിലാപ കാവ്യമായ രമണന്റെ ആദ്യ പ്രസാധകനാകാന്‍ കാരണം സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യമായിരുന്നു. എറണാകുളം ബ്രോഡ്‌വേയിലുണ്ടായിരുന്ന മുനവര്‍ ഇസ്‌ലാം വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഹമീദിന് ചങ്ങമ്പുഴ. ഇടപ്പിള്ളി, ബഷീര്‍, കേശവദേവ്, പോഞ്ഞിക്കര റഫി തുടങ്ങിയ എഴുത്തുകാരോടെല്ലാം സൗഹൃദമുണ്ടായിരുന്നു. ചങ്ങമ്പുഴയുമായി ഹമീദിന് ആത്മസൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. ചങ്ങമ്പുഴ ജോലി തേടി ചെന്നൈയിലേക്ക് വണ്ടി കയറിയപ്പോള്‍ വഴിച്ചെലവിന്നായി കൈവിരലിലെ സ്വര്‍ണ്ണ മോതിരം വരെ അദ്ദേഹം ഊരി നല്‍കിയിരുന്നു. 1936ല്‍ യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും കാലത്താണ് ഹമീദ് വന്‍ തുക മുടക്കി ചങ്ങമ്പുഴയുടെ രമണന്‍ പ്രസിദ്ധീകരിച്ചത്.


സാഹിത്യകാരന്‍ കൂടിയായ ഹമീദിന്റെ കവിതകളുടെ പുന:പ്രസിദ്ധീകരണം കോഴിക്കോട് സര്‍വകലാശാലയിലെ സി എച്ച് ചെയര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇനിയും വെളിച്ചം കാണാത്ത ഹമീദിന്റെ പര്യായ നിഘണ്ടു പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെടാമെന്ന് ചങ്ങമ്പുഴയുടെ ജീവചരിത്രകാരനായ സാനുമാഷും അറിയിച്ചിട്ടുണ്ട്.




Tags:    

Similar News