ചരന്‍ജിത്ത് ചന്നി: പഞ്ചാബ് രാഷ്ട്രീയത്തിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍

Update: 2021-09-20 05:35 GMT

ഛണ്ഡീഗഢ്: കാര്യങ്ങള്‍ക്ക് ഇപ്പോള്‍ തീരുമാനമായിരിക്കുന്നു. ചരന്‍ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ടു. ഇന്നുതന്നെ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കുകയും ചെയ്യും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നത്. മറ്റ് രണ്ട് പേരുകളാണ് നേരത്തെ കേട്ടിരുന്നതെങ്കിലും എല്ലാതിനെയും അറുത്ത് മാറ്റി ചന്നിയുടെ പേര് പുറത്തുവരികയായിരുന്നു. അമരീന്ദര്‍സിങ്ങിന്റെ സ്ഥാനത്ത് നവജ്യോത് സിങിനെ മുഖ്യമന്ത്രിയാക്കാനാണ് പലര്‍ക്കും ആഗ്രഹമെങ്കിലും രാജിവച്ച മുഖ്യമന്ത്രി ജീവിച്ചിരിക്കുന്നിടത്തോളം അത് അസാധ്യമാണ്. അതുകൊണ്ടാണ് ഒരു സമവായ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള ശ്രമം തുടങ്ങിയതും അത് ചന്നിയില്‍ തട്ടി നിന്നതും. യാദൃച്ഛികമായിരുന്നെങ്കിലും പഞ്ചാബ് രാഷ്ട്രീയത്തില്‍ ഏറ്റവും സുപ്രധാനമായ ഒരു നീക്കമായിരുന്നു ഇതെന്ന് പറയാതെ വയ്യ. 

പഞ്ചാബിലെ ജനസംഖ്യയില്‍ 32 ശതമാനമാണ് ദലിതര്‍. എന്നിട്ടും ഇതുവരെ ദലിതരില്‍ നിന്ന് ഒരു മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ല. പഞ്ചാബ് പ്രത്യേക സംസ്ഥാനമായ ശേഷമുണ്ടായ സിഖ് മുഖ്യമന്ത്രിമാരില്‍ 13ഉം ജാട്ട് സിഖ്കാരാണ്. ജനസംഖ്യയുടെ 20 ശതമാനം വരും ഇവര്‍. ജനസംഖ്യകൊണ്ട് പിന്നിലാണെങ്കിലും അധികാരത്തില്‍ ജാട്ട് സിഖുകാരാണ് മുന്നില്‍. ഈ സാഹചര്യത്തില്‍ ചന്നിയുടെ വരവ് ദലിത് വോട്ടുകള്‍ കൈവശമാക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുകയും അദ്ദേഹം പഞ്ചാബിന് പുറത്ത് അറിയപ്പെടുന്ന നേതാവാക്കി മാറ്റുകയും ചെയ്യും.

ദലിത് വോട്ടുകള്‍ ലക്ഷ്യമിടുന്ന മറ്റൊരു പാര്‍ട്ടി അകാലി ദളാണ്. അവര്‍ തുടക്കം മുതലേ ബിഎസ്പിയുമായി ചേര്‍ന്നാണ് പോക്ക്. ദലിത് പോക്കറ്റുകള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള അവരുടെ നീക്കത്തിന് മറുമരുന്നായി ചന്നിയുടെ നിയമനം ഉപയോഗപ്പെടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ ശക്തിയല്ല ബിഎസ്പിയെങ്കിലും രാംദസിയ എന്ന ദലിത് വിഭാഗത്തില്‍ അവര്‍ക്ക് സ്വാധീനമുണ്ട്. ജനസംഖ്യയില്‍ പത്ത് ശതമാനം വരും ഈ വിഭാഗം.

ദലിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഇത്തവണ ആം ആദ്മിയും ശ്രമിക്കുന്നുണ്ട്. അതിനും കോണ്‍ഗ്രസ്സിന്റെ പുതിയ നീക്കം തടയിടും. കാന്‍ഷിറാമിന്റെ കുടുംബത്തില്‍ നിന്നൊരാളെ കണ്ടെത്താന്‍ അവര്‍ ശ്രമം നടത്തിയിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദലിത് വിഭാഗത്തില്‍ നിന്നൊരാളെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരുമെന്ന് എഎപി പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന്റെ പുതിയ നീക്കം വാഗ്ദാനത്തെ അപ്രസക്തമാക്കി. 

Tags:    

Similar News