കണ്ണൂര്‍: ചാവശ്ശേരി പത്തൊമ്പതാം മൈലില്‍ ബോംബ് പൊട്ടി രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ബോംബിന്റെ ഉറവിടം കണ്ടെത്തണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ മൗലവി പോലിസിനോട് ആവശ്യപ്പെട്ടു. ഈ മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങള്‍ പോലിസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. ക്രിമിനല്‍സംഘങ്ങളുടെ ആയുധപ്പുരകളിലേക്ക് പോലിസ് കടന്നുചെല്ലാന്‍ മടിക്കുന്നതാണ് ചാവശ്ശേരിയില്‍ നടന്ന രണ്ടു പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നു ഷംസുദ്ദീന്‍ മൗലവി കുറ്റപ്പെടുത്തി.
ചാവശ്ശേരിയിലും സമീപപ്രദേശങ്ങളിലും പല സമയങ്ങളിലായി ഉണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പതിവ് റെയ്ഡ് നാടകങ്ങള്‍ക്കപ്പുറം ബോംബ്‌ശേഖരങ്ങള്‍ കണ്ടെത്താന്‍ പോലിസ് ആത്മാര്‍ത്ഥത കാണിക്കണം. ജില്ലയുടെ പല ഭാഗത്തുമുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന വലുതും ചെറുതുമായ അപകടങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോയതാണ് ചാവശ്ശേരിയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയത്. ആയുധങ്ങള്‍ ശേഖരിച്ചും ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തിയും ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഷംസുദ്ദീന്‍ മൗലവി അഭ്യര്‍ത്ഥിച്ചു.